പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിന്നും ‘ഔട്ട്’; പിന്നാലെ ശോഭയുടെ ഫ്ലക്സ് കത്തിച്ചും പ്രതികാരം
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ച പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ പുകയുന്നു. ശോഭയ്ക്ക് സ്വാഗതമോതിയ ഫ്ലക്സ് ആണ് കത്തിച്ചത്. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയ്ക്ക് മുന്‍പിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുശേഷമാണ് ഫ്ലക്സ് കത്തിച്ച നിലയില്‍കണ്ടത്. ഇത് ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.
കത്തിച്ചതിനു പിന്നില്‍ ആരാണ് എന്നത് രഹസ്യമായി തുടരുന്നു. പാലക്കാട് കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ മറ്റൊരു വിഭാഗം ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കി മത്സരം കടുപ്പിക്കണം എന്ന നിര്‍ദ്ദേശം ഉന്നയിച്ചിരുന്നു. എന്നാല്‍ കൃഷ്ണകുമാറിനെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നാലായിരത്തില്‍ താഴെ വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഈ ശ്രീധരന്‍ യുഡിഎഫിന്‍റെ ഷാഫി പറമ്പിലിന് മുന്നില്‍ പരാജയപ്പെട്ടത്. മൂന്നാം സ്ഥാനത്തായിരുന്നു സിപിഎം. ഷാഫി പറമ്പില്‍ വടകര എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. ശോഭാ സുരേന്ദ്രന്‍ ആയിരുന്നെങ്കില്‍ വിജയത്തിലേക്ക് എത്തുമായിരുന്നു എന്ന് ബിജെപിയിലെ ഒരു വിഭാഗം ഇപ്പോഴും ചൂണ്ടിക്കാട്ടുന്നുണ്ട്.
മത്സരിച്ച ഇടങ്ങളിലെല്ലാം വോട്ടുയര്‍ത്തിയ ശോഭയുടെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടിയായിരുന്നു ഈ വാദം. കേന്ദ്രമന്ത്രി സുരേഷ് ഗോപി ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ.ശിവരാജനും ശോഭയ്ക്ക് അനുകൂലമായി രംഗത്തു വന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here