നീലപെട്ടിയില്‍ തെളിവില്ലെന്ന് പോലീസ്; പാലക്കാട് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിന് വീണ്ടും തിരിച്ചടി

പാലക്കാട് ഉപതിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ട്രോളി ബാഗില്‍ പണം എത്തിച്ചതിനു തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് പാലക്കാട് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ നടപടി ആവശ്യമില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെത് വെറും ആരോപണം മാത്രമാണ്. ട്രോളി ബാഗിന്റെ ദൃശ്യങ്ങളുണ്ട്. പക്ഷെ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വിവാദമായിരുന്നു ട്രോളി ബാഗ് വിവാദം. തിരഞ്ഞെടുപ്പ് അട്ടിമറിക്കുക ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഹോട്ടലില്‍ പണം എത്തിച്ചു എന്നായിരുന്നു സിപിഎം ആരോപണം.
കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ അടക്കം തങ്ങിയ ഹോട്ടല്‍ മുറിയില്‍ പാതിരാത്രി പോലീസ് റെയ്ഡ് നടത്തിയത് വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയത്. സിപിഎം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തിയത്.
നിയമവിരുദ്ധമായാണ് പോലീസ് റെയ്ഡ് നടത്തിയത്. രാഷ്ട്രീയ പ്രേരിതമായ റെയ്ഡ് നാടകത്തിന് പോലീസ് കൂട്ടുനില്‍ക്കുകയായിരുന്നു എന്നാണ് പാലക്കാട് എംപിയായ ശ്രീകണ്ഠന്‍ പ്രതികരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here