കോൺഗ്രസിനെ പുറത്താക്കാന്‍ സിപിഎമ്മിന്‍റെ തരംതാണ കളിയെന്ന് ഭരണ സമിതി; ബ്രൂവറി വിവാദം ആളിക്കത്തുന്ന എലപ്പുള്ളിയിൽ ഇടതിൻ്റെ അപ്രതീക്ഷിത നീക്കം
മദ്യനിർമാണശാല അനുമതിയുടെ പേരിൽ വിവാദത്തിലായ പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ അപ്രതീക്ഷിത നീക്കവുമായി സിപിഎം. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് സിപിഎം നീക്കം. അവിശ്വാസം ചർച്ച ചെയ്യണമെന്ന് കാട്ടി സിപിഎം അംഗങ്ങൾ നോട്ടിസ് നൽകി. സിപിഎം തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും അവിശ്വാസം പരാജയപ്പെടുമെന്നും കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.
22 അംഗ പഞ്ചായത്ത്ഭരണസമിതിയിൽ കോൺഗ്രസ് 9, സിപിഎം 8, ബിജെപി 5 എന്നിങ്ങനെയാണ് കക്ഷിനില. ഒയാസിസ് എന്ന സ്വകാര്യ കമ്പനിക്ക് ബ്രൂവറി-ഡിസ്റ്റ്ലറി യൂനിറ്റ് അനുവദിക്കാനുള്ള ഇടത് സർക്കാർ തീരുമാനത്തിനെതിരെ പരസ്യ വിമർശനവുമായി എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവിശ്വാസ നീക്കവുമായി സിപിഎം എത്തിയിരിക്കുന്നത്.
എലപ്പുള്ളിയിൽ ബ്രൂവറി പ്ലാന്‍റ് തുടങ്ങാനുള്ള മന്ത്രിസഭ തീരുമാനം ഗ്രാമപഞ്ചായത്തിനെ അറിയിക്കാതെയാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതേസമയം 26 ഏക്കർ സ്ഥലത്താണ് ബ്രൂവറി തുടങ്ങാനുള്ള നീക്കം നടക്കുന്നത്. രണ്ട് വർഷം മുമ്പാണ് കമ്പനി ഈ സ്ഥലം വാങ്ങിയത്. പഞ്ചായത്തിലെ ആറാം വാർഡിലെ മണ്ണക്കാട് പ്രദേശത്താണ് ബ്രൂവറി വരുന്നതെന്നും ഭരണ സമിതി അംഗങ്ങൾ പറയുന്നു.
മദ്യനിർമാണശാല വരുന്നത് നാട്ടുകാരെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണെന്ന് കോൺഗ്രസ് അംഗങ്ങൾ അവകാശപ്പെടുന്നു. വെള്ളം കിട്ടാത്ത സാഹചര്യത്തിൽ കനാൽ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ഗ്രൗണ്ട് വാട്ടർ ലെവൽ കുറയുകയാണെങ്കിൽ ഇത് പഞ്ചായത്തിനെ തന്നെ കുടിവെള്ള ക്ഷാമത്തിലേക്ക് നയിക്കും. പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കും. പദ്ധതി നടപ്പാക്കരുതെന്നും ഭരണ സമിതി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു..
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here