പാലക്കാട് സീറ്റില്‍ ഇടഞ്ഞ് സരിന്‍; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പ്രഖ്യാപനം
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിത്വം മോഹിച്ച ഡോ. പി.സരിൻ കടുത്ത അതൃപ്തിയിലാണ്. വേണ്ട സമയത്ത് വേണ്ടത് ചെയ്യുമെന്നാണ് സരിന്റെ പ്രതികരണം. ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയ സരിന്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പങ്ക് വച്ചിട്ടില്ല. പാലക്കാട് മണ്ഡലത്തില്‍ പാലക്കാട് നിന്നുള്ള സ്ഥാനാര്‍ത്ഥി വേണം എന്ന ആവശ്യത്തില്‍ കടുംപിടുത്തമാണ് സരിന്‍ നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളെ കാണുകയും ചെയ്തിരുന്നു. സരിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. സരിന്‍ സിപിഎമ്മിലേക്ക് പോകുമോ എന്ന ആശങ്കയും കോണ്‍ഗ്രസില്‍ ശക്തമാണ്. സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് കോണ്‍ഗ്രസ് രീതി. അതുകൊണ്ട് തന്നെ സരിന്‍ വിമതനീക്കം നടത്തിയാല്‍ ഒരു പിന്തുണയും കോണ്‍ഗ്രസില്‍ നിന്നും ലഭിക്കാന്‍ പോകുന്നില്ല. സരിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നേതാക്കള്‍ നടത്തുന്നുണ്ട്.
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസും ബിജെപിയുമാണ് നേരിട്ട് ഏറ്റുമുട്ടിയത്. സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു. സരിനെപ്പോലെ ഒരു സ്ഥാനാര്‍ത്ഥി ലഭിച്ചാല്‍ കോണ്‍ഗ്രസിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സിപിഎമ്മിന് സാധിക്കും. മാധ്യമങ്ങളെ കാണുമ്പോള്‍ സരിന്‍ ഏത് രീതിയില്‍ പ്രതികരിക്കും എന്നാണ് അറിയാനുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here