പാലക്കാടന്‍ മനസ് എന്നും കോണ്‍ഗ്രസിനൊപ്പം; സരിന്‍ എത്തിയാലും ഇടത് അട്ടിമറി ജയത്തിന് സാധ്യത കുറവ്
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കെ ഇക്കുറി വിജയം എങ്ങോട്ട് തിരിയും? കോണ്‍ഗ്രസും ബിജെപിയും നേരിട്ട് മുട്ടിയ പാലക്കാട് ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്. പാലക്കാട് സീറ്റ് ആഗ്രഹിച്ച കെപിസിസി മീഡിയ സെല്‍ കണ്‍വീനര്‍ പി.സരിന്‍ വിമതവേഷം കെട്ടിയതോടെയാണ് കോണ്‍ഗ്രസില്‍ ആശങ്കകള്‍ തലപൊക്കുന്നത്. ഇടത് സ്ഥാനാര്‍ത്ഥിയായി സരിന്‍ മത്സരിച്ചേക്കും എന്നാണ് സൂചന.
കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുമ്പോള്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ സിപിഎമ്മിന് കഴിയും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയേക്കും. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണം എന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെങ്കിലും പാലക്കാട് സ്വദേശി എന്ന ഘടകം കൃഷ്ണകുമാറിന് അനുകൂലമായേക്കും. പാലക്കാട്ടുകാരനായ ഒരാളെ സ്ഥാനാര്‍ത്ഥി ആക്കണം എന്നാവശ്യപ്പെട്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ സരിന്‍ എതിര്‍ത്തത്. ഇന്നു വാര്‍ത്താസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കും എന്നാണ് സരിന്‍ പറഞ്ഞത്.
Also Read: സരിന്‍ പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥി ആയേക്കും; ഞെട്ടിക്കുന്ന നീക്കവുമായി സിപിഎം
പാലക്കാട് എന്നും കോണ്‍ഗ്രസ് അനുകൂല മണ്ഡലമാണ്. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ 11 തവണ വിജയം അനുഗ്രഹിച്ചത് യുഡിഎഫിനെയാണ്. അഞ്ച് തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളും വിജയിച്ചു. ഈ കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് മണ്ഡലത്തില്‍ ബിജെപി രണ്ടാമത് എത്തുന്നത്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളില്‍ ഷാഫി പറമ്പിലാണ് വിജയിച്ചത്.
ഇക്കുറി ഷാഫി പറമ്പിലിന് പിന്‍ഗാമിയായാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കുന്നത്. രാഹുലിന്റെ കന്നിയങ്കമാണിത്. സരിന്‍ ഇടതുസ്ഥാനാര്‍ത്ഥിയായാല്‍ തന്നെ വലിയ ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്നും ഒഴുകിയാല്‍ മാത്രമേ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടിക്ക് സാധ്യതയുള്ളൂ.
കഴിഞ്ഞ തവണ കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയ വിജയം സ്വന്തമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് മെട്രോമാന്‍ ഇ.ശ്രീധരന്‍ പരാജയപ്പെട്ടത്. കടുത്ത മത്സരത്തിന് അരങ്ങൊരുക്കാന്‍ ഇക്കുറിയും ബിജെപിക്ക് കഴിയും. 2006ല്‍ സിഐടിയു സംസ്ഥാന സെക്രട്ടറികൂടിയായിരുന്ന കെ.കെ.ദിവാകരനാണ് മണ്ഡലത്തില്‍ ഒടുവില്‍ വിജയിച്ച ഇടത് സ്ഥാനാര്‍ത്ഥി. അതിനു ശേഷം ഷാഫി പറമ്പിലാണ് വിജയിച്ചത്. കഴിഞ്ഞ രണ്ട് തവണയും മൂന്നാം സ്ഥാനത്ത് എത്തിയ ക്ഷീണം തീര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ പി.സരിനെ ഇടതു സ്വതന്ത്രന്‍ ആക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here