സ്ഥാനാർത്ഥിയാകാൻ സിപിഎം സമ്മതം ചോദിച്ചെന്ന് സരിൻ; സംസാരിച്ചെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയും

പി.സരിന്‍ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിച്ചേക്കും. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് സൂചന. സ്ഥാനാര്‍ത്ഥിയാകാന്‍ സിപിഎം സമ്മതം ചോദിച്ചെന്ന് സരിന്‍ വെളിപ്പെടുത്തിയിരുന്നു. പാലക്കാട് മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഫോണിൽ വിളിച്ച് ചോദിച്ചു എന്നാണ് സരിൻ പറഞ്ഞത്. സരിനോട് സംസാരിച്ചതായി പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും സ്ഥിരീകരിച്ചു.

സരിന്റെ ഇന്നത്തെ വാര്‍ത്ത സമ്മേളനത്തിനിടെ സിപിഎം നേതാവ് എ.കെ.ബാലന്‍ പ്രസ്താവനയുമായി രംഗത്തു വന്നിരുന്നു. സരിന് അനുകൂലമായ നിലപാടാണ് ബാലന്റെ വാക്കുകളില്‍ തെളിഞ്ഞത്. ജനാധിപത്യമുള്ള പാര്‍ട്ടി എന്ന് പറഞ്ഞു കോണ്‍ഗ്രസില്‍ നടക്കുന്നത് ഏകാധിപത്യമാണെന്നും കൂടെ വരുന്നവരെ ഒറ്റപ്പെടുത്തില്ലെന്നുമാണ് ബാലന്‍ പറഞ്ഞത്. സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സിപിഎം പാലക്കാട് ജില്ലാ ഘടകവും അനുകൂലസമീപനത്തിലാണ്.

പാലക്കാട് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ തുടര്‍ച്ചയായി രണ്ട് ദിവസം വാര്‍ത്താസമ്മേളനം നടത്തിയാണ് സരിന്‍ പ്രതികരിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് പറഞ്ഞ് ആഞ്ഞടിച്ചാണ് വാര്‍ത്താസമ്മേളനം നടത്തിയത്. കോക്കസുകളിലേക്ക് ഒതുക്കി കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തത് സതീശനെന്നും സരിന്‍ ആരോപിച്ചു. ഇതിനു ശക്തമായ മറുപടിയുമായി വി.ഡി.സതീശനും രംഗത്തെത്തിയിരുന്നു.

സിപിഎം എംഎൽഎമാരും മന്ത്രിമാരും തന്നെക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിനും ആവർത്തിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. എം.ബി.രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണ് സരിന്‍ വായിച്ചത്. കെപിസിസി പ്രസിഡന്റും ഞാനും രമേശ് ചെന്നിത്തലയും കൂടിച്ചേർന്നാണ് സ്ഥാനാര്‍ത്ഥി തീരുമാനം എടുത്തത്. സിപിഎമ്മുമായി കൂടിയാലോചന നടത്തുന്ന ഒരാളെ ഞങ്ങൾ എങ്ങനെ സ്ഥാനാർഥിയാക്കും എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതോടെ സരിനെ ഇന്ന് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പുറത്താക്കി’ എന്നാണ് വാർത്താക്കുറിപ്പിൽ കെപിസിസി അറിയിച്ചത്. ഇതോടെ സ്വാഗതം ചെയ്യുന്ന നിലപാടുമായി സിപിഎമ്മും രംഗത്തെത്തി. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13നാണ് . നവംബര്‍ 23നാണ് വോട്ടെണ്ണല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top