പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റി; പാർട്ടികളുടെ ആവശ്യം അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തീയ്യതി മാറ്റി. നവംബർ 20ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. വയനാട് ലോക്സഭ, ചേലക്കക്കര നിയമസഭാ മണ്ഡലങ്ങൾക്കൊപ്പം നവംബർ 13നാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. കൽപ്പാത്തി രഥോൽസവം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി. പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അടക്കം 14 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് മാറ്റിയിരിക്കുന്നത്. എന്നാല്‍ വോട്ടെണ്ണൽ തീയ്യതിയിൽ മാറ്റമില്ല. നവംബർ 23ന് തന്നെ മുൻ നിശ്ചയിച്ച പ്രകാരം ഇവിടങ്ങളിലെയും ഫലപ്രഖ്യാപനം നടക്കും.

നവംബർ 13മുതൽ 16 വരെയാണ് കൽപാത്തി രഥോൽസവം നടക്കുന്നത്. 13നാണ് ഉൽസവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് നടക്കുന്നത്. അതിനാൽ കൽപാത്തിയിലെ ജനങ്ങൾക്ക് വോട്ടെടുപ്പിൽ പ​ങ്കെടുക്കാനുള്ള പ്രയാസം നേരേത്ത ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് എത്തിയിരുന്നു.തിരഞ്ഞെടുപ്പ് കമ്മിഷനോട് തീയ്യതി മാറ്റണമെന്ന് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ അടക്കം മൂന്ന് പ്രധാന മുന്നണികളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിയിരിക്കുന്നത്.

മൂന്ന് മുന്നണികൾ തമ്മിലും ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് നടക്കുന്നത്. യുഡിഎഫിനായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫിനായി ഡോ പി സരിനും എൻഡിഎക്കായി ബിജെപി നേതാവ് സി കൃഷ്ണകുമാറുമാണ് മത്സര രംഗത്തുള്ള പ്രധാന സ്ഥാനാർത്ഥികൾ. പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top