ന്യൂനപക്ഷ വോട്ടുറപ്പിക്കാൻ സന്ദീപ് വാര്യരെ ടാർഗറ്റ് ചെയ്ത് സിപിഎം; സംഘ പശ്ചാത്തലം ചൂണ്ടിക്കാട്ടി അവസാന ലാപ്പിൽ കടന്നാക്രമണം
ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയതിന് പിന്നാലെ ആക്രമണം രൂക്ഷമാക്കി സിപിഎം. പാലക്കാട്ടെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് വോട്ടുകള്‍ കുറഞ്ഞുവരികയാണ്. കോണ്‍ഗ്രസ് വിട്ടെത്തിയ സരിനെ മുന്‍ നിര്‍ത്തി വിജയത്തിലേക്ക് നീങ്ങാനുള്ള അവസാന ശ്രമങ്ങളിലാണ് പാര്‍ട്ടി. സന്ദീപ് വാര്യരുടെ സംഘപശ്ചാത്തലം ചൂണ്ടിക്കാട്ടിയുള്ള ആഞ്ഞടിക്കലാണ് പ്രചാരണത്തിന്റെ അവസാന സമയങ്ങളില്‍ സിപിഎം നടത്തുന്നത്.
സന്ദീപ് വാര്യര്‍ പാണക്കാട് എത്തിയാല്‍ തീരുന്നതാണോ പ്രശ്നങ്ങള്‍ എന്ന് ചോദിച്ച് മുഖ്യമന്ത്രിയാണ് പാലക്കാട് ആക്രമണം കടുപ്പിച്ചത്. ബാബറി മസ്ജിദ് അടക്കമുള്ള പ്രശ്നങ്ങളില്‍ സന്ദീപ് വാര്യര്‍ സ്വീകരിച്ച നിലപാട് ലീഗ് അണികള്‍ക്കും മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊട്ടുപിറകെ എ.കെ.ബാലനും ആക്രമണം കടുപ്പിച്ചു.
കോണ്‍ഗ്രസിന്റെത് അപ്പം കൊടുത്ത് പിണ്ണാക്ക് വാങ്ങുന്ന അവസ്ഥയാണ് എന്നാണ് ബാലന്‍ പറഞ്ഞത്. അമ്മ മരിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ ആരും എത്തിയില്ല എന്ന് പറഞ്ഞ് കരഞ്ഞപ്പോഴാണ് നല്ല മനുഷ്യന്‍ എന്ന് സന്ദീപിനെ വിശേഷിപ്പിച്ചത്. സഹതാപം കൊണ്ട് പറഞ്ഞതാണ് എന്നാണ് ബാലന്‍ പറഞ്ഞത്.
സന്ദീപ് വാര്യര്‍ അന്തകവിത്ത് ആണെന്നും സന്ദീപ് എത്തിയതോടെ കോണ്‍ഗ്രസിന്റെ അന്ത്യം തുടങ്ങുകയാണെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. “വിഷം ചീറ്റിയ സന്ദീപിനെ എടുക്കുന്ന കാര്യം സിപിഎം ചിന്തിച്ചിട്ട് പോലുമില്ല. ആര്‍എസ്എസ് കോണ്‍ഗ്രസിലേക്ക് നിയോഗിച്ച എജന്റ്റ് ആണ് സന്ദീപ് വാര്യര്‍”- മന്ത്രി പറഞ്ഞു.
പാലക്കാട്ടെ മൂത്താന്‍ സമുദായ വോട്ടുകളാണ് സന്ദീപിനെ എത്തിച്ചതോടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സന്ദീപിന്റെ അച്ഛന്‍ വാര്യര്‍ സമുദായാംഗമാണ്. അമ്മ മൂത്താന്‍ സമുദായമാണ്. പാലക്കാട്ടെ പ്രബല സമുദായമായ മൂത്താന്‍ സമുദായത്തിലേക്കാണ് കോണ്‍ഗ്രസ് കടന്നുകയറിയത്. മൂത്താന്‍ സമുദായ വോട്ടുകള്‍ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും പോകുമ്പോഴാണ് സന്ദീപിനെ വിദ്വേഷ പ്രചാരകനാക്കി മറുതന്ത്രം സിപിഎം പുറത്തെടുക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here