15000 വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന് സതീശന്‍; കടലില്‍ തള്ളുമെന്ന് മന്ത്രി രാജേഷ്; പാലക്കാട്ട് ആവേശത്തില്‍ കൊട്ടിക്കലാശം

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പില്‍ ആവേശത്തില്‍ കൊട്ടിക്കലാശം. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളും ഒരുമിച്ച് നഗരമധ്യത്തിലാണ് പ്രചാരണ സമാപനം നടത്തുന്നത്. സംഘര്‍ഷം ഒഴിവാക്കാന്‍ വലിയ പോലീസ് സന്നാഹവും പാലക്കാട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേതാക്കള്‍ തമ്മിലുള്ള കടുത്ത വാക്പോരാണ് ഇന്ന് നടന്നത്.

പാലക്കാട് യുഡിഎഫിനെ കടപുഴക്കി കടലില്‍ തള്ളും എന്നാണ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞത്. യുഡിഎഫ് 15000 വോട്ടിന് ജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. പാലക്കാട് തനിക്ക് പരീക്ഷണമല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്.

ജയിക്കാന്‍ വേണ്ടിയുള്ള മത്സരമാണ് മൂന്ന് മുന്നണികളും നടത്തുന്നത്. കോണ്‍ഗ്രസ് വിട്ടുവന്ന സരിനില്‍ സിപിഎം എല്ലാ പ്രതീക്ഷയും അര്‍പ്പിക്കുമ്പോള്‍ ഷാഫിയുടെ സ്വാധീനവും സന്ദീപ്‌ വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണി സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് പാലക്കാട്ടുകാരനായ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് തിരഞ്ഞെടുപ്പിന്‍റെ വിധി മാറ്റിക്കുറിക്കുമെന്നാണ് ബിജെപി പ്രതീക്ഷ.

പാലക്കാട്ടെ നാല് വ്യത്യസ്ത വാര്‍ഡുകളില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയാണ് സി.കൃഷ്ണകുമാര്‍. ഇത് കൃഷ്ണകുമാറിന് വിജയിക്കാന്‍ സഹായിക്കുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. നാളെ നിശബ്ദ പ്രചരണം കഴിഞ്ഞ് ബുധനാഴ്ചയാണ് പാലക്കാട് ബൂത്തിലേക്ക് നീങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top