പാലക്കാട്‌ വോട്ടെടുപ്പ് തുടങ്ങി;ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ എത്തിത്തുടങ്ങി; നിറഞ്ഞ പ്രതീക്ഷയില്‍ മുന്നണികള്‍

വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പാലക്കാട് വോട്ടെടുപ്പ് തുടങ്ങി. രാവിലെ വലിയ ക്യൂ ബൂത്തുകളില്‍ ദൃശ്യമല്ല. കടുത്ത ത്രികോണമത്സരം നടന്ന പാലക്കാട് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വിജയപ്രതീക്ഷയിലാണ്. ആ​കെ 1,94,706 വോ​ട്ട​ര്‍​മാ​രാ​ണ് പട്ടികയില്‍ ഉള്ളത്. ഇ​തി​ല്‍ 1,00,290 പേ​ര്‍ സ്ത്രീ ​വോ​ട്ട​ര്‍​മാ​രാ​ണ്.

വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. കോണ്‍ഗ്രസ് വിട്ട് പി.സരിന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായതും ബിജെപി വിട്ട് സന്ദീപ്‌ വാര്യര്‍ കോണ്‍ഗ്രസിലെത്തിയതും വലിയ വിവാദങ്ങളായി മാറി. സിപിഎം ഉയര്‍ത്തിയ ഇരട്ടവോട്ട് ആരോപണവും പ്രചാരണത്തെ പിടിച്ചുകുലുക്കി.

ട്രോളി ബാഗ് വിവാദവും കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറിയില്‍ പോലീസ് രാത്രി റെയ്ഡ് നടത്തിയതും പ്രചാരണ രംഗത്ത് ആരോപണശരങ്ങള്‍ക്ക് തിരികൊളുത്തി. നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പത്രങ്ങളായ സിറാജിലും സുപ്രഭാതത്തിലും എല്‍ഡിഎഫ് നല്‍കിയ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യവും വലിയ ചര്‍ച്ചയായി മാറി. ആര്‍എസ്എസ് വേഷം ധരിച്ച് നില്‍ക്കുന്ന സന്ദീപിന്റെ ചിത്രം നല്‍കി പഴയ പ്രസ്താവനകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഈ പരസ്യം. ഫലം വരുന്ന 23 വരെ അനിശ്ചിതത്വം നിലനില്‍ക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top