രാഷ്ട്രീയ ട്വിസ്റ്റില്‍ നേട്ടം കോണ്‍ഗ്രസിന്; അമ്പരന്ന് ബിജെപി; സരിന്‍ സന്തോഷത്തില്‍ സിപിഎം; പാലക്കാട്ടെ കളം മാറ്റങ്ങള്‍ ഞെട്ടിക്കുന്നത്

രാഷ്ട്രീയ കളം മാറ്റങ്ങള്‍ രാഷ്ട്രീയ കേരളം നിരവധി കണ്ടിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതിലും നയങ്ങളിലുമെല്ലാം പ്രതിഷേധിച്ച് തരാതരം പോലെ നേതാക്കളും അണികളും എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ഉപതിരഞ്ഞെടുപ്പിനിടെ ഇത്രയും നേതാക്കള്‍ രാഷ്ട്രീയ ചുവടുമാറ്റം നടത്തുന്നത് ആദ്യമാണ്. ഇരുപക്ഷത്ത് നിന്നും പരസ്പരം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നവര്‍ കെട്ടിപിടിച്ച് സന്തോഷം പങ്കിടുന്ന കാഴ്ചയാണ് ഇപ്പോള്‍ പാലക്കാട് കാണുന്നത്.

പാലക്കാടിനെ തന്നെ ഞെട്ടിച്ച് കളം മാറ്റം അവസാനം നടത്തിയത് സന്ദീപ് വാര്യരാണ്. സന്ദീപിന്റെ കളം മാറ്റം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. തിരഞ്ഞടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന സന്ദീപ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും സ്ഥാനാര്‍ഥി കൃഷ്ണ കുമാറിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇടഞ്ഞു നിന്ന സന്ദീപിനെ അനുനയപ്പിക്കാന്‍ ബിജെപിയില്‍ നിന്നും വലിയ ശ്രമം ഉണ്ടായതുമില്ല. ഇതോടെ തന്നെ സന്ദീപ് ബിജെപി ബന്ധം ഉപേക്ഷിക്കും എന്ന് ഉറപ്പായിരുന്നു. ഇതോടെ എങ്ങോട്ട് പോകും എന്ന് ചര്‍ച്ചയായി. സിപിഎം, സിപിഐ ഇങ്ങനെ രാഷ്ട്രീയ പാര്‍ട്ടികള്‍ സന്ദീപിനെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ ആര്‍എസ്എസ് ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമവും നടന്നു.

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് എത്തിയത്. ആര്‍എസ്എസ് നേരിട്ട് ഇടപെട്ടിട്ടും സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുള്ള പോക്ക് ബിജെപിയെ അപ്പാടെ അമ്പരപ്പിച്ചിട്ടുണ്ട്. സിപിഎം, സിപിഐ പാര്‍ട്ടികളിലേക്ക് പോകുന്നതിനെക്കാള്‍ ബിജെപിയെ വേട്ടയാടുക കോണ്‍ഗ്രസിലേക്കുളള ചേക്കേറലാണ്. ദേശീയതലത്തില്‍ പോലും കോണ്‍ഗ്രസ് ഇക്കാര്യം ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ ഉപയോഗിക്കും എന്ന് ഉറപ്പാണ്.

സന്ദീപ് വാര്യരെ ലക്ഷ്യമിട്ട് സിപിഎമ്മും വലിയ ശ്രമം നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ തന്നെ നേരിട്ട് ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ സന്ദീപ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തതില്‍ സിപിഎമ്മിനേയും ഞെട്ടിച്ചിട്ടുണ്ട്. സന്ദീപിനെ പ്രതീക്ഷിച്ച് മികച്ച നേതാവെന്നും നിലപാടുളളവനെന്നും എന്നും പ്രശംസിച്ച സിപിഎം ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാണ്. കിട്ടിയെ സരിനെ ഉയര്‍ത്തി നടക്കുകയാണ് സിപിഎമ്മിന് മുന്നിലുളള വഴി. അത് ഭംഗിയായി നടപ്പാക്കാനാണ് ഇപ്പോള്‍ സിപിഎം ശ്രമം. പട്ടാമ്പി സീറ്റ് അടക്കം വാഗ്ദാനം ചെയ്ത് സിപിഐയും സന്ദീപിനെ കാത്ത് ഇരുന്നിരുന്നു. എന്നാല്‍ സിപിഐയുടെ ആ മോഹവും സന്ദീപ് വാര്യര്‍ പരിഗണിച്ചില്ല.

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് സരിന്‍ പാര്‍ട്ടി വിട്ടപ്പോള്‍ കോണ്‍ഗ്രസ് ഒന്ന് പതറിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം അവശേഷിക്കുമ്പോള്‍ കോണ്‍ഗ്രസ് ഇപ്പോള്‍ വലിയ ആവേശത്തിലാണ്. സന്ദീപിനെ ഇനിയുള്ള ദിവസങ്ങളില്‍ പാലക്കാട് മുഴുവന്‍ എത്തിച്ച് പ്രചരണം ആവശത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top