ചുമലില്‍ തട്ടി വിളിച്ചിട്ടും മൈന്‍ഡ് ചെയ്തില്ല; ബിജെപി സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ മുഖം തിരിച്ച് കൃഷ്ണദാസ്

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കവേ പോളിങ് ബൂത്തില്‍ വെച്ച് ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിനെ മൈന്‍ഡ് ചെയ്യാതെ സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ്. കൃഷ്ണകുമാര്‍ ഷേക്ക് ഹാന്‍ഡ് ചെയ്യാന്‍ ചുമലില്‍ തട്ടി വിളിച്ചിട്ടും മുഖം കൊടുക്കാതെയാണ് കൃഷ്ണദാസ് പോയത്.

കൃഷ്ണകുമാര്‍ ബൂത്തിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് കൃഷ്ണദാസ് വോട്ടു ചെയ്യാന്‍ ബൂത്തിലേക്ക് കയറുന്നത്. കൃഷ്ണകുമാര്‍ അടുത്ത് ചെന്ന് തോളില്‍ തട്ടി വിളിച്ചിട്ടും പ്രതികരിക്കാതെ കൃഷ്ണദാസ് ബൂത്തിലേക്ക് കയറുകയായിരുന്നു.
സംഭവം ചാനല്‍ ക്യാമറകള്‍ ഒപ്പി എടുത്തതിനാല്‍ കൃഷ്ണകുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്.

ബൂത്തിന് മുന്നില്‍ വച്ച് എതിര്‍സ്ഥാനാര്‍ത്ഥിക്ക് കൈകൊടുത്താല്‍, ചിരിച്ചാല്‍ എന്താണ് കുഴപ്പം, പാര്‍ട്ടി മാറുമോ? കൃഷ്ണകുമാര്‍ ചോദിച്ചു. “ചിരിച്ച് കൈ കൊടുക്കുന്നത് ഒരു സംസ്ക്കാരമാണ്. എന്റെ വീടിനു തൊട്ടടുത്ത് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി താമസിക്കുന്ന ആളാണ്. ഒരു ജനപ്രതിനിധിയുമായിരുന്നു. സംസ്കാരവും മര്യാദയും ആണത്.” കൃഷ്ണകുമാര്‍ പറഞ്ഞു.

എന്നാല്‍ കൃഷ്ണകുമാറിനെ കണ്ടില്ലെന്നാണ് കൃഷ്ണദാസ് പ്രതികരിച്ചത്. താന്‍ വരുമ്പോള്‍ കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. ഒരു ഉപദ്രവം വേണ്ട എന്ന് വിചാരിച്ച് ഒഴിഞ്ഞുപോവുകയായിരുന്നു എന്നാണ് കൃഷ്ണദാസ് പറഞ്ഞത്.

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെ ഒരു വിവാഹചടങ്ങിനെത്തിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.സരിന്‍ കൈകൊടുക്കാന്‍ പിന്നാലെ നടന്നിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും അവഗണിച്ചത് തിരഞ്ഞെടുപ്പ് വിവാദമായി മാറിയിരുന്നു. ഇപ്പോള്‍ വോട്ടെടുപ്പ് വേളയും മറ്റൊരു ഷേക്ക് ഹാന്‍ഡ് വിവാദത്തിന് കൂടി സാക്ഷ്യം വഹിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top