പാലക്കാട് ഇരട്ട വോട്ട് നിലനിർത്തുമെന്ന് കളക്ടർ; ഏറ്റുപിടിച്ച് മുന്നണികൾ; നിയമ നടപടിക്കെന്ന് സിപിഎം
ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ പാലക്കാട് ഇരട്ട വോട്ട് വിവാദം ശക്തമാകുന്നു. ഇരട്ട വോട്ടുള്ളവരുടെ വോട്ട് നിലനിർത്തുമെന്ന് ജില്ലാ കളക്ടർ എസ് ചിത്ര അറിയിച്ചു. പരസ്യ പ്രചരണം അവസാനിക്കുന്ന ഇന്നും മുന്നണികൾ വിഷയം ഉയർത്തി ആരോപണ പ്രത്യാരോപണങ്ങളുമായി നിറഞ്ഞ് നിൽക്കുമ്പോഴാണ് കളക്ടറുടെ പ്രതികരണം. ഇരട്ടവോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ ഫോട്ടോ എടുക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ മൊബൈൽ ആപ്പിൽ ഈ ചിത്രം അപ്‌ലോഡ് ചെയ്യും. സത്യവാങ്മൂലം എഴുതിവാങ്ങും. മറ്റേതെങ്കിലും ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കും. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയിൽ നിലനിർത്തും. ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കുമെന്നുമാണ് കളക്ടർ അറിയിച്ചത്.
ഇരട്ട വോട്ട് വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നിയമ പോരാട്ടം തുടരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. സിപിഎം കോടതിയെ സമീപിക്കുന്നതിൽ ആത്മാർത്ഥത ഇല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പ്രതികരണം. ഇരട്ട വോട്ടുകൾ പോളിങ് ദിനം ചലഞ്ച് ചെയ്യും. ചലഞ്ചിംഗ് വോട്ടുകൾക്ക് അപ്പുറത്തുള്ള ഭൂരിപക്ഷം ബിജെപിക്ക് കിട്ടുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.
ബിഎൽഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് കുറ്റപ്പെടുത്തിയ കെ സുരേന്ദ്രൻ സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും ചോദിച്ചു. ഇരട്ടവോട്ടുകൾ യുഡിഎഫ് ചേർത്തത് സർക്കാർ സഹായത്തോടെയാണ്. അത് അടിത്തറ തകർത്തെന്ന് സിപിഎം തിരിച്ചറിയാൻ വൈകിയെന്നും സുരേന്ദ്രൻ പറഞ്ഞു. ഇരട്ട വോട്ടിൽ ആദ്യം പരാതി ഉന്നയിച്ചത് യുഡിഎഫ് ആണെന്ന് അവകാശപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽരംഗത്തെത്തി.
ഇരട്ട വോട്ടിൽ ഇടതുമുന്നണി കോടതിയിൽ പോകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആദ്യം പരാതി ഉന്നയിച്ചത് യുഡിഎഫാണ്. തിരഞ്ഞെടുപ്പ് സമയത്ത് ആളുകളെ കളിയാക്കുന്ന പ്രസ്താവനയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടേതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പരിഹസിച്ചു. നടപടിയെടുക്കേണ്ട ആളുകളാണ് പരാതി നൽകുന്നത്. കളവ് നടന്നിട്ട് പോലിസിൽ പോയി പരാതി പറഞ്ഞിട്ട് കാര്യമുണ്ടോ. പോലീസാണ് കളവിനെ പ്രതിരോധിക്കേണ്ടത്. സിപിഎം ആത്മ പരിശോധന നടത്തണമെന്നും രാഹുൽ പറഞ്ഞു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here