കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന സിപിഎം പരാതിയില്‍ കേസ് എടുക്കാന്‍ പോലീസ്; നിയമോപദേശത്തിന് നീക്കം
പാലക്കാട് ഉപതിരഞ്ഞെടുപ്പിനായി യുഡിഎഫ് കള്ളപ്പണം എത്തിച്ചെന്ന സിപിഎം പരാതിയിൽ പോലീസ് കേസ് എടുത്തേക്കും. നിയമോപദേശം തേടിയ ശേഷമാകും നടപടി. കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറി അര്‍ധരാത്രി റെയ്ഡ് ചെയ്തതില്‍ പോലീസും വെട്ടിലാണ്. ഹോട്ടലിലെ സിസിടിവി ഹാർഡ് ഡിസ്ക് പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഷാഫിക്ക് പണം എത്തിച്ചതില്‍ ആരോപണവിധേയനായ ഫെനി നീല ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങള്‍ സിപിഎം ഇന്നലെ പുറത്തുവിട്ടിരുന്നു.
പാലക്കാട്ടെ പോലീസ് റെയ്ഡ് രാഷ്ട്രീയ വിവാദമായി നില്‍ക്കുകയാണ്. രാവിലെ ട്രോളി ബാഗുമായി പാലക്കാട് കോട്ടമൈതാനിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ട്. അതെ സമയം വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് അതിക്രമിച്ചു കടന്നെന്ന് ചൂണ്ടിക്കാട്ടി തുടർപ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു എന്ന കെപിഎം ഹോട്ടലിൻ്റെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. പാലക്കാട് സൗത്ത് പോലീസാണ് 10 പേര്‍ക്ക് എതിരെ കേസെടുത്തത്. ഇന്നലെ അര്‍ധരാത്രിയാണ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ റെയ്ഡ് നടന്നത്. കള്ളപ്പണം കണ്ടെത്താനായിരുന്നു പരിശോധനയെന്നാണ് പോലീസ് വിശദീകരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here