മുസ്ലിം മാനേജ്മെൻ്റ് പത്രങ്ങളിൽ മാത്രം തിരഞ്ഞെടുപ്പ് പരസ്യം നൽകി പാലക്കാട്ട് സിപിഎം; ആർഎസ്എസ് വേഷത്തിൽ സന്ദീപ് വാര്യരുടെ ചിത്രവും

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സ്വീകരിച്ച മതപ്രീണന രാഷ്ട്രീയവുമായി സിപിഎം വീണ്ടും അരങ്ങത്ത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പത്രങ്ങളില്‍ മാത്രം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരസ്യം. കാന്തപുരം വിഭാഗത്തിന്റെ പത്രമായ സിറാജിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്രമായ സുപ്രഭാതത്തിലുമാണ് സിപിഎം ഇന്ന് മുന്‍പേജ് പരസ്യം നല്‍കിയത്.

സരിന്‍ തരംഗം എന്ന തലക്കെട്ട് നല്‍കി സരിന്റെ ചിരിക്കുന്ന ചിത്രവും ചിഹ്നമായ സ്റ്റെതസ്ക്കോപ്പും ഉള്‍പ്പെടുത്തിയാണ് പരസ്യം നല്‍കിയത്. വിമര്‍ശനം ഒഴിവാക്കാന്‍ പാലക്കാട്, മലപ്പുറം എഡിഷനുകളില്‍ മാത്രമാണ് പരസ്യം നല്‍കിയത്. കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ്‌ വാര്യര്‍ക്ക് എതിരെയാണ് പരസ്യത്തിലെ പരാമര്‍ശങ്ങള്‍.

ആര്‍എസ്എസ് വേഷം ധരിച്ച് നില്‍ക്കുന്ന സന്ദീപിന്റെ ചിത്രം നല്‍കി ഈ വിഷനാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം! എന്നാണ് പരസ്യം വഴി ചോദിക്കുന്നത്. കശ്മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത് സന്ദീപ്‌, ‘എന്താണ് ഹിന്ദു മഹാസഭ ചെയ്ത കുറ്റം, ഗാന്ധിയെ ചെറുതായി വെടിവച്ചു കൊന്നു’ എന്നുള്ള സന്ദീപിന്റെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം, ‘അടിവരയിട്ട് പറയുന്നു, സിഎഎ കേരളത്തിലും നടപ്പാക്കും’ എന്ന സന്ദീപിന്റെ വാക്കുകള്‍, ‘ഹിന്ദുത്വവഴി’ മാധ്യമം പത്രത്തിന്റെ വാര്‍ത്ത എന്നൊക്കെ നിറച്ചാണ് പരസ്യം.

പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. സാദിഖലി തങ്ങള്‍ മറ്റുള്ള തങ്ങള്‍മാരെപ്പോലെയല്ല. ജമാ അത്തെ ഇസ്ലാമിയുടെ അണിപോലെയാണ് പെരുമാറുന്നത് എന്നാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.

പരാമര്‍ശത്തിനെതിരെ മുസ്ലിം സമുദായത്തില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ മുസ്ലിം ലീഗ് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് സിറാജിലും സുപ്രഭാതത്തിലും സിപിഎം പരസ്യം പ്രത്യക്ഷപ്പെടുന്നത്. പാലക്കാട് ഇരുപത് ശതമാനം മുസ്ലിം വോട്ടുകള്‍ ഉണ്ടായിരിക്കെയാണ് മുസ്ലിം പത്രങ്ങളില്‍ മാത്രം പരസ്യം നല്‍കി സമുദായത്തെ ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമിക്കുന്നത്.

Also Read: സുപ്രഭാതത്തില്‍ മുസ്ലിം സ്നേഹം; ദീപികയില്‍ ക്രിസ്ത്യന്‍ സ്നേഹം; ന്യൂനപക്ഷപ്രേമം വാരിവിതറി സിപിഎമ്മിൻ്റെ വ്യത്യസ്ത പരസ്യങ്ങള്‍; വര്‍ഗീയതക്കെതിരെ ഉള്ള വിപ്ലവപോരാട്ടം ഇങ്ങനെ

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ആവര്‍ത്തിക്കാറുള്ള സിപിഎം തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഇതെല്ലാം മാറ്റി മതപ്രീണന രാഷ്ട്രീയമാണ് അവസരം നോക്കി പയറ്റാറുള്ളത്. പിഡിപിയുമായും അബ്ദുള്‍നാസര്‍ മദനിയുമായും പരസ്യ സഖ്യമുണ്ടാക്കാന്‍ സിപിഎം മടിച്ചിരുന്നില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം പ്രീണന രാഷ്ട്രീയമാണ് സിപിഎം പയറ്റിയത്. ഇരു സമസ്ത വിഭാഗങ്ങളുടെയും പിന്തുണ സിപിഎമ്മിന് ലഭിച്ചിരുന്നു. പിണറായി വിജയന് കേരള ഭരണത്തില്‍ രണ്ടാമൂഴം ലഭിക്കാന്‍ ഇടയാക്കിയത് ഈ ന്യൂനപക്ഷ പിന്തുണയായിരുന്നു. ഇപ്പോള്‍ പാലക്കാട് കടുത്ത ത്രികോണ മത്സരം നടക്കുമ്പോള്‍ ന്യൂനപക്ഷ പിന്തുണ ലക്ഷ്യമാക്കിയാണ് പരസ്യം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സുപ്രഭാതം, ദീപിക പത്രങ്ങളില്‍ വ്യത്യസ്ത കാർഡിറക്കി ഫുള്‍പേജ് പരസ്യങ്ങളാണ് സിപിഎം നല്‍കിയത്. കത്തുന്ന കുരിശിൻ്റെ ചിത്രവും ‘ഓര്‍മപ്പെടുത്തലാണ് മണിപൂര്‍… ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന ഓർമ്മപ്പെടുത്തൽ’ എന്ന ക്യാപ്ഷനാണ് ദീപികയുടെ ഒന്നാംപേജിൽ നല്‍കിയത്. തട്ടമിട്ട പെണ്‍കുട്ടിയുടെ ചിത്രവും പൗരത്വനിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ചിത്രവുമാണ് സുപ്രഭാതം ഒന്നാംപേജിൽ നല്‍കിയത്. ‘ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍… ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം’ എന്ന വാചകവും അടിക്കുറിപ്പായി നല്‍കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top