വനിതാ നേതാക്കളുടെ മുറിയിലെ പാതിരാ റെയ്ഡില്‍ വന്‍ പ്രതിഷേധം; എസ്പി ഓഫീസ് മാര്‍ച്ചുമായി യുഡിഎഫ്
കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ ഇന്നലെ പോലീസ് നടത്തിയ പാതിരാ റെയ്ഡിനെതിരെ പാലക്കാട് വന്‍ യുഡിഎഫ് പ്രതിഷേധം. കള്ളപ്പണം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്ന വിശദീകരണമാണ് പോലീസ് നല്‍കിയത്. എന്നാല്‍ റെയ്ഡിനെതിരെ യുഡിഎഫ് രോഷം ഇരമ്പുകയാണ്. മനപൂര്‍വം വനിതാ നേതാക്കളെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. പാലക്കാട് എസ്പി ഓഫീസിലേക്കുള്ള യുഡിഎഫ് മാര്‍ച്ച് നടക്കുകയാണ്.
പാലക്കാട് കോട്ടമൈതാനത്ത് നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ വിവരം അറിഞ്ഞ് ഇവിടെ എത്തിയിരുന്നു. ഷാഫി പറമ്പില്‍, വി.കെ.ശ്രീകണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. എസ്പി ഓഫീസിന് 100 മീറ്റര്‍ മുന്നിലായി പോലീസ് മാര്‍ച്ച് തടയും. വലിയ പോലീസ് സന്നാഹവും എസ്പി ഓഫീസിനു മുന്നില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: പാലക്കാട്ടെ വിവാദ റെയ്ഡിന് പിന്നിലാര്; പോലീസിന് ലഭിച്ചത് കൃത്യമായ നിര്‍ദേശം
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്നലെ അര്‍ധരാത്രി കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ പോലീസ് റെയ്ഡ് നടത്തിയത്. കള്ളപ്പണം തേടിയുള്ള പോലീസ് റെയ്ഡില്‍ ഒരു രൂപ പോലും കണ്ടെടുക്കാന്‍ കഴിയാത്തതോടെ പോലീസ് നാണംകെട്ടു. ഇപ്പോള്‍ വിവാദ റെയ്ഡിന് പിന്നില്‍ ആരെന്ന ചോദ്യമാണ് ഉയരുന്നത്.
മന്ത്രി എം.ബി.രാജേഷിനെയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടോയെന്ന സ്വാഭാവിക പരിശോധനയാണ് നടന്നതെന്നും എന്തിനാണ് റെയ്ഡ് കോണ്‍ഗ്രസ് എന്തിനാണ് അട്ടിമറിക്കുന്നതെന്നും ചോദിച്ച് മന്ത്രി എംബി രാജേഷ് രംഗത്തെത്തിയിട്ടുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here