കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീരുന്നില്ല; ഷാഫി പറമ്പില്‍ ഏകാധിപതിയെന്ന് ആരോപിച്ച് ഒരു നേതാവു കൂടി പാര്‍ട്ടി വിട്ടു

പാലക്കാട് ഉപതിരഞ്ഞെടുപ്പ് അടുക്കവേ കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. പാര്‍ട്ടി വിടുന്ന പ്രാദേശിക നേതാക്കളുടെ എണ്ണം കൂടുന്നതാണ് തിരിച്ചടിയാകുന്നത്. ഷാഫി പറമ്പിലിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചാണ് നേതാക്കള്‍ പാര്‍ട്ടിവിടുന്നത്. പിരായിരി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവ് കെഎ സുരേഷാണ് ഇന്ന് പാര്‍ട്ടി വിട്ടത്.

ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് ദളിത് കോണ്‍ഗ്രസ് നേതാവായ സുരേഷ് പ്രതികരിച്ചു. സിപിഎമ്മില്‍ ചേരുന്നതായും, പാലക്കാട് പി. സരിനെ വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കുമെന്നും സുരേഷ് പ്രഖ്യാപിച്ചിട്ടുണ്ട്. ഷാഫിയുടെ ഗ്രൂപ്പ് കളിയാണ് നടക്കുന്നത്. എന്നാല്‍ ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഷാഫിയോടുള്ള വിരോധം കൊണ്ട് മാത്രമാണ് പാര്‍ട്ടി വിടുന്നതെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പിരായിരി പഞ്ചായത്തംഗം സിതാര ശശിയും ഭര്‍ത്താവും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ജി. ശശി എന്നിവര്‍ സരിനായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ സ്വാധീനമുള്ള ദളിത് നേതാവ് കൂടി എതിര്‍പക്ഷത്ത് എത്തിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. യുഡിഎഫിന് വലിയ സ്വാധീനമുള്ള പഞ്ചായത്താണ് പിരായിരി. എന്നാല്‍ ഇവിടെ ഷാഫിക്കെതിരെ വലിയ പടയൊരുക്കം നടക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ എതിരഭിപ്രായമുണ്ട്. കൂടിയാലോചനകളില്ലാതെ ഷാഫി പറമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കെട്ടിയിറക്കിയെന്നാണ് കോണ്‍ഗ്രസിലെ വിമര്‍ശനം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ രാഹുല്‍ ഷാഫിയുടെ നോമിനിയാണെന്ന് പറഞ്ഞിരുന്നു. പിന്നാലെ കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന ഡിസിസിയുടെ കത്തും പുറത്തുവന്നിരുന്നു.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ വിവാദങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഓട്ടത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top