ഇസ്മയിലിനെതിരെ കടുത്ത നടപടി വേണമെന്ന് പാലക്കാട് ഘടകം; തുടര്‍ച്ചയായി നടത്തുന്നത് പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍
മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെതിരേ പാലക്കാട് ജില്ലാ കൗൺസിൽ. അദ്ദേഹത്തിനെതിരെ നടപടി വേണം എന്നാണ് പാലക്കാട് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടത്. ഇസ്മയിലിന്റെ പ്രവർത്തികൾ മൂലം പാർട്ടിയിൽ സൗഹൃദാന്തരീക്ഷം തകർന്നു. അദ്ദേഹം വിമതരെ സഹായിക്കുന്നുവെന്നും പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തുന്നുവെന്നും കൗണ്‍സില്‍ ആരോപിച്ചു.
ഇസ്മയിലിനെ ജില്ലാ കൗൺസിലിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ഉടന്‍ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് ഇസ്മയില്‍.
പാലക്കാട്ടെ സിപിഐ വിമതർ സേവ് സിപിഐ ഫോറം എന്ന പേരില്‍ സംഘടന സ്ഥാപിച്ച് രംഗത്തുവന്നിരുന്നു. പലകാരണങ്ങളാൽ പാർട്ടിയിൽ നിന്നും നടപടി നേരിട്ടവരെല്ലാം ഈ സംഘടനയുടെ ഭാഗമാണ്. ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് പുതിയ സംഘടന ഉയർത്തുന്നത്. സിപിഐ ജില്ലാ നേതൃത്വം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നാണ് ഇവരുടെ കുറ്റപ്പെടുത്തല്‍.
വിമതപ്രശ്നത്തില്‍ ഇവരെ ന്യായീകരിച്ചുകൊണ്ട് ഇസ്മയില്‍ രംഗത്തുവന്നിരുന്നു. വിമതരുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ട്. ആരോപണങ്ങള്‍ പാര്‍ട്ടി നേതൃത്വം പരിശോധിക്കണം എന്നാണ് ഇസ്മയില്‍ ആവശ്യപ്പെട്ടത്. ഇത് ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here