മുരളീധരന് വേണ്ടിയുള്ള കത്തില്‍ ഒപ്പിട്ടത് വി.കെ.ശ്രീകണ്ഠനും; തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം മറനീക്കി ഭിന്നത

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ സ്ഥാനാര്‍ത്ഥി ആക്കണം എന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനുള്ള ഡിസിസിയുടെ കത്തില്‍ ഒപ്പിട്ടവരില്‍ പാലക്കാട് കോണ്‍ഗ്രസ് എംപി വി.കെ.ശ്രീകണ്ഠനും. ഇതോടെ കത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ വെട്ടിലായി. സ്ഥാനാര്‍ത്ഥിത്വ പ്രശ്നത്തില്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഭിന്നത തന്നെയാണ് കത്തിലൂടെ മറനീക്കുന്നത്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍, മുന്‍ എംപി വി.എസ്.വിജയരാഘവന്‍, കെപിസിസി എക്സിക്യുട്ടീവ്‌ അംഗം സി.വി.ബാലചന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ.എ.തുളസി എന്നിവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

പാലക്കാട്‌ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് കത്ത് നല്‍കിയത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതില്‍ ഡിസിസിയിലെ ഒരു വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ഈ പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു എന്നതിന് തെളിവാണ് ഈ കത്ത്. പാലക്കാട് നിന്നുള്ള ഒരാള്‍ സ്ഥാനാര്‍ത്ഥി ആകണം. അല്ലെങ്കില്‍ അത്രയും വ്യക്തിപ്രഭാവമുള്ള ഒരു നേതാവ് വരണം എന്നതായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ എതിര്‍ത്തവരുടെ ഉന്നം.

രാഹുലിനെ സ്ഥാനാർഥിയാക്കാൻ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിൽ എംപിയുമടങ്ങുന്ന സംഘം പ്രവർത്തിച്ചുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. കോണ്‍ഗ്രസ് വിട്ട് പാലക്കാട് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായ പി.സരിനും ഇതേ ആരോപണമാണ് ഉയര്‍ത്തിയിരുന്നത്.

പാലക്കാട് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിന് ഇതുവരെ കെ.മുരളീധരന്‍ എത്തിയിട്ടുമില്ല. ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. കെ മുരളീധരനായിരുന്നു പാലക്കാട്ടെ സ്ഥാനാർഥിയെങ്കിൽ മത്സരചിത്രം തന്നെ മാറിയേനെ എന്ന പ്രതികരണവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥും രംഗത്തെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top