പാലക്കാട്ടെ നീലപ്പെട്ടിയില്‍ തീപിടിപ്പിക്കുന്ന ചര്‍ച്ചകള്‍; കള്ളപ്പണമെന്ന് സിപിഎം, വസ്ത്രങ്ങളെന്ന് കോണ്‍ഗ്രസ്

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണം ആരോപണ, പ്രത്യാരോപണങ്ങളുമായി മുന്നേറുന്നതിനിടെയാണ് ഒരു നീലപ്പെട്ടി പൊടുന്നനെ ചര്‍ച്ചയിലേക്ക് ഉയര്‍ന്നുവന്നത്. പെട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പിനായുളള കള്ളപ്പണമാണെന്ന് സിപിഎമ്മും, വസ്ത്രങ്ങളാണെന്ന് കോണ്‍ഗ്രസും പറയുമ്പോള്‍ ആശയക്കുഴപ്പത്തിലാണ് പാലക്കാട്ടെ വോട്ടര്‍മാര്‍. ഇക്കാര്യത്തില്‍ ബിജെപിയും സിപിഎമ്മിനൊപ്പം തന്നെയാണ്.

ഇന്നലെ അര്‍ധരാത്രി മുതലാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വഴിമാറിയത്. അതുവരെ സംസ്ഥാന വ്യാപകമായ വിഷയങ്ങളില്‍ ചുറ്റിത്തിരിഞ്ഞ പ്രചരണം അതോടെ ഒരു നീലപ്പെട്ടിയില്‍ കേന്ദ്രീകരിക്കുകയാണ്. രാത്രി 12 മണിക്ക് ശേഷം കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോലീസ് എത്തുന്നു. വനിതാ നേതാക്കളെ അടക്കം മുറിയില്‍ നിന്നിറക്കി പരിശോധന നടത്തുന്നു. ഇതോടെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമെത്തി പ്രതിഷേധിക്കുന്നു. പിന്നാലെ സിപിഎം ബിജെപി പ്രവര്‍ത്തകരും എത്തിയതോടെ സംഘര്‍ഷമായി. പുലര്‍ച്ചെ വരെ നീണ്ട പരിശോധന ഒന്നും ലഭിക്കാതെ പോലീസ് അവസാനിപ്പിക്കുകയും ചെയ്തു.

നേരം പുലര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് ഈ റെയ്ഡില്‍ വലിയ പ്രതിഷേധം ഉയര്‍ത്തി. വനിതാ നേതാക്കളെ അടക്കം അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപണം ഉന്നയിച്ചു. കള്ളപ്പണം ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും അത് പുറകുവശത്തു കൂടി കടത്താനാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് തിരിച്ചടിച്ച് സിപിഎമ്മും രംഗത്തെത്തി. ഇതിനൊപ്പമാണ് ഒരു നിലപ്പെട്ടി കൂടി രംഗത്തെത്തിയത്. നീല കളറിലുള്ള ട്രോളി ബാഗില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാരനായ ഫെനി നൈനാന്‍ പണം എത്തിച്ചെന്ന് സിപിഎം ആരോപിച്ചു. ഉടന്‍ തന്നെ തെളിവ് പുറത്തു വിടുമെന്നും വെല്ലുവിളിച്ചു.

പിന്നാലെ നീലപ്പട്ടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കണ്ടു. നീലപ്പെട്ടി തന്റെ കാറില്‍ നിന്നും എടുത്തതാണെന്നും അതില്‍ വസ്ത്രങ്ങളാണെന്നും രാഹുല്‍ വ്യക്തമാക്കി. തക്കാളിപ്പെട്ടിയുമായി ഹോട്ടലില്‍ പോകാന്‍ കഴിയില്ല. പെട്ടിയില്‍ പണം ആയിരുന്നു എന്ന് തെളിയിച്ചാല്‍ പ്രചരണം തന്നെ നിര്‍ത്താമെന്നും വെല്ലുവിളിച്ചു. ഇതോടെയാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടത്. അതില്‍ ഫെനി നീലപ്പെട്ടിയുമായി നടന്നു പോകുന്നതുണ്ട്. എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും ദൃശ്യങ്ങളിലുണ്ട്. രാത്രി രാഹുല്‍ ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതു കൂടിയായി ദൃശ്യങ്ങള്‍.

പെട്ടിയില്‍ വസ്ത്രങ്ങളായിരുന്നു എന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. പെട്ടയില്‍ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോയെന്നും പോലീസ് പിടിച്ചെടുത്ത ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ സിപിഎമ്മിന് എങ്ങനെ ലഭിച്ചുവെന്ന ചോദ്യവും രാഹുല്‍ ഉയര്‍ത്തുന്നുണ്ട്. സത്യം എന്തെന്ന് വെളിവാകുന്നതു വരെ നീലപ്പെട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുമെന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top