പാലക്കാട്ടേക്ക് ഇല്ലെന്ന നിലപാടുമാറ്റി കെ മുരളീധരന്‍; രാഹുല്‍ മാങ്കൂട്ടത്തിലിനായി നാളെയും മറ്റന്നാളും വോട്ടുതേടും

ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനില്ലെന്ന നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തന്നെ ഉപതിരഞ്ഞെടുപ്പ് പ്രചരണം അടക്കമുളള എല്ലാ പാര്‍ട്ടി പരിപാടികളില്‍ നിന്നും ഇടവേള എടുക്കുയാണെന്നായിരുന്നു മുരളീധരന്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ചയും നിലപാട് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ദേശീയ നേതാക്കള്‍ അടക്കം ഇടപെട്ടതോടെയാണ് പ്രതിഷേധങ്ങള്‍ ഉള്ളിലൊതുക്കി പ്രചരണത്തിന് എത്തുന്നത്.
നാളെയും മറ്റന്നാളുമാകും മുരളീധരന്‍ പാലക്കാട് രാഹുലിനായി വോട്ടു തേടുക. മേപ്പറമ്പ് ജംഗ്ഷനില്‍ നാളെ വൈകുന്നേരം ആറിന് പൊതുയോഗവും തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയില്‍ കര്‍ഷക രക്ഷാമാര്‍ച്ചുമാണ് മുരളീധരന്‍ പങ്കെടുക്കുന്ന പരിപാടികള്‍. പാലക്കാട്ടെ സ്ഥാനാര്‍ഥി ചര്‍ച്ചകളിലടക്കം തന്റെ പേര് ഉയര്‍ന്നതും അതിന് പ്രധാന നേതാക്കള്‍ നടത്തിയ പ്രതികരണത്തിലും മുരളീധരന്‍ കടുത്ത അതൃപ്തിയിലായിരുന്നു.
ഇതുകൂടാതെ പത്മജാ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ഡിഎന്‍എ പരാമര്‍ശത്തിലും മുരളിക്ക് അതൃപ്തിയുണ്ട്. എന്നാല്‍ കെ മുരളീധരന്‍ പ്രചരണത്തിന് എത്താതിരിക്കുന്നത് എതിരാളികള്‍ സജീവമായി ഉപയോഗിച്ചതോടെയാണ് കോണ്‍ഗ്രസ് അനുനയന നീക്കം നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here