ബിജെപി കരുത്ത് കാട്ടുന്ന പാലക്കാട് നിര്‍ണ്ണായകം ന്യൂനപക്ഷ വോട്ടുകള്‍; മുസ്ലിം സ്ഥാനാര്‍ത്ഥികളെല്ലാം വിമതപക്ഷത്ത്; ആശങ്കയില്‍ കോണ്‍ഗ്രസ്
പാലക്കാട് കോര്‍പ്പറേഷന്‍, കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തുകളും ചേരുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. കോര്‍പ്പറേഷനില്‍ ബിജെപി കരുത്തു കാട്ടുമ്പോള്‍ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസും സിപിഎമ്മുമാണ് ശക്തി കാട്ടുന്നത്. 2021ലെ വോട്ടര്‍ പട്ടിക പ്രകാരം 1.89 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ വിജയത്തെ നിര്‍ണ്ണയിക്കുന്നത് ന്യൂനപക്ഷ വോട്ടുകളാണ്. 2021ല്‍ ഇ ശ്രീധരന്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കി ബിജെപി കിണഞ്ഞ് ശ്രമിച്ചിട്ടും ഷാഫി പറമ്പില്‍ 3859 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കടന്നു കൂടിയതിന് പിന്നില്‍ ശക്തിയായത് ന്യൂനപക്ഷ ഏകീകരണം തന്നെയായിരുന്നു.
ഇത് മനസില്‍ കണ്ടെ തന്നെയാണ് ആദ്യഘട്ടത്തില്‍ വി വസീഫിനെ കളത്തില്‍ ഇറക്കുന്നത് സംബന്ധിച്ച് സിപിഎം ചര്‍ച്ച ചെയ്തത്. എന്നാല്‍ രാഷ്ട്രീയ സാഹചര്യം മാറിയപ്പോള്‍ കോണ്‍ഗ്രസ് വിട്ടുവന്ന പി സരിന്‍ ഇടതു സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ് ഇത് കാര്യമായ വെല്ലുവിളിയായി കണുന്നില്ലെങ്കിലും രണ്ടു സ്ഥാനാര്‍ത്ഥികളുടെ കാര്യം അങ്ങനെയല്ല. ന്യൂനപക്ഷത്തു നിന്നുള്ള രണ്ട് സ്ഥാനാര്‍ത്ഥികളുടെ കടന്നു വരവ് രാഹുല്‍ മാങ്കൂട്ടത്തിലിന് ദോഷം ചെയ്യും എന്ന കടുത്ത ആശങ്കയിലാണ് കോണ്‍ഗ്രസ്.
2021ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ബിജെപിയുമായുള്ള വോട്ട് ശതമാനത്തില്‍ ചെറിയ വ്യത്യാസം മാത്രമേ കോണ്‍ഗ്രസിന് നേടാനായുള്ളു. 35.34 ശതമാനമാണ് യുഡിഎഫ് വോട്ട് വിഹിതം. ബിജെപിയുടേത് 35.34 ശതമാനവുമാണ്. ന്യൂനപക്ഷ വേട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യമുണ്ടായാല്‍ തിരിച്ചടി കോണ്‍ഗ്രസ് ഉറപ്പിക്കുന്നുണ്ട്.
പിവി അന്‍വറിന്റെ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായി എത്തുന്ന മിന്‍ഹാജ് മെദാര്‍ പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് സുപരിചിതനാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളുമാണ്. അതുകൊണ്ട് തന്നെ നിര്‍ണ്ണായകമായ വോട്ടുകള്‍ മിന്‍ഹാജിന്റെ പെട്ടിയില്‍ ഉറപ്പായും എത്താം. കോണ്‍ഗ്രസ് വിമതനായ എകെ ഷാനിബും പാലക്കാട്ടുകാരനാണ്. യുവജന സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവവും. പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഷാനിബ് അവകാശപ്പെടുന്നുണ്ട്. ഇരുവരും പെട്ടിയിലാക്കുന്ന വോട്ടുകള്‍ മുഴുവന്‍ തങ്ങളുടെ വിഹിതത്തില്‍ നിന്നാകും എന്നും കോണ്‍ഗ്രസിന് നന്നായി അറിയാം. സരിന്‍ പിളര്‍ത്തുന്ന വോട്ടുകള്‍ക്ക് പുറമേയാണ് ഈ വെല്ലുവിളികള്‍ കൂടി ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പിവി അന്‍വറിനെ പോലും നേരിട്ട് വിളിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഒരുഘട്ടത്തിൽ തയ്യാറായതും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here