പാലക്കാട് താരം ഷാഫി പറമ്പിൽ തന്നെ; മണ്ഡലം ഉപേക്ഷിച്ചവനെന്ന പ്രചരണത്തിന് മറുപടി ജയത്തിലൂടെ
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മിന്നും വിജയം നേടുമ്പോള്‍ താരമാകുന്നത് ഷാഫി പറമ്പില്‍ എന്ന യുവ കോണ്‍ഗ്രസ് നേതാവ് തന്നെയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതു മുതല്‍ വിജയം വരേയും എല്ലാത്തിലും ഷാഫിയുടേതായ ഇടപെടല്‍ ഉണ്ടായിരുന്നു. ഇതിനിടയിലുണ്ടായ വിവാദങ്ങളെല്ലാം അടക്കി നിര്‍ത്തിയതും ഷാഫിയുടെ മികവ് തന്നെയാണ്.
വടകരയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം ഇല്ലാതിരുന്നിട്ടും പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് ഷാഫി ആ ദൗത്യം ഏറ്റെടുത്തത്. കാരണം ഷാഫിയും പാലക്കാടും തമ്മില്‍ അത്രമേല്‍ ഇഴചേര്‍ന്നിരുന്നു. പുതുമഖമായി ഇരുപത്തിയഞ്ചാം വയസില്‍ ഷാഫി പാലക്കാട് എത്തുമ്പോള്‍ ഒരു അദ്ഭുതം കോണ്‍ഗ്രസ് പോലും പ്രതീക്ഷിച്ചിരുന്നില്ല. സിറ്റിംഗ് എംഎല്‍എയായിരുന്ന സിപിഎമ്മിലെ കെകെ ദിവാകരനായിരുന്നു എതിരാളി. മണ്ഡല പുനര്‍നിര്‍ണ്ണയം അടക്കം ഗുണമായപ്പോള്‍ ഷാഫി നിയമസഭയിലെത്തി. അതും 7403 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. 2016ല്‍ 17483 ആയി ഭൂരിപക്ഷം ഉയര്‍ന്നു. എന്നാല്‍ 2021ല്‍ കടുത്ത മത്സരം നേരിട്ടെങ്കിലും പാലക്കാട് ഷാഫിക്കൊപ്പം തന്നെ നിന്നു. 15 വര്‍ഷത്തോളം നീണ്ട ഈ ബന്ധം ഉപേക്ഷിക്കുന്നതിലെ മടിയാണ് ഷാഫിയെ പിന്നോട്ട് വലിച്ചത്. എന്നാല്‍ അഭിമാന പോരാട്ടം എന്ന നിലയില്‍ ആ ഉത്തരവാദിത്വം ഷാഫിക്ക് ഏറ്റടെുക്കേണ്ടി വന്നു. ഏറെ വൈകാരികമായാണ് ഷാഫിയെ പാലക്കാട് വടകരയിലേക്ക് യാത്രയാക്കിയത്.
വടകരയില്‍ എത്തുന്നതിന് മുമ്പുതന്നെ പാലക്കാട് തന്റെ നോമിനി തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ഷാഫി പറമ്പില്‍ നിബന്ധന വയ്ക്കുകയും അത് നേതൃത്വം അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസിലെ തന്റെ പിന്‍ഗാമി രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ടയിൽ നിന്നും ഷാഫി പാലക്കാട്ടേക്ക് എത്തിച്ചത്. ഇതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഏറെ എതിർ അഭിപ്രായം ഉയര്‍ന്നു. പി സരിന്‍ പാര്‍ട്ടി വിട്ടത് മാത്രമല്ല കെ മുരളീധരന്റെ പേരുമായെത്തി പാലക്കാട്ടെ ഡിസിസി നേതൃത്വം വിമതസ്വരം ഉന്നയിച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഷാഫിക്കൊപ്പം തന്നെ നിന്നു. ഒരു ഘട്ടത്തില്‍ വിവാദം കടുത്തപ്പോൾ രാഹുല്‍ ഷാഫിയുടെ നോമിനിയെന്ന് പറഞ്ഞ് സുധാകരന്‍ കൈയൊഴിഞ്ഞെങ്കിലും സതീശന്‍ ഷാഫിയെ ഒപ്പം തന്നെ നിര്‍ത്തി.
ഈ വിശ്വാസത്തിനുള്ള മറുപടിയാണ് രാഹുലിന്റെ 18840 വോട്ടിന്റെ വിജയം. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലുള്ള വിജയമാണിത്. ഇതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളുടെ പട്ടികയിലേക്ക് കൂടിയാണ് ഷാഫി എത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here