പാലക്കാട്ട് അടിക്ക് തിരിച്ചടി; സിപിഎമ്മിലെ പൊട്ടിത്തെറി മുതലെടുക്കാൻ കോണ്‍ഗ്രസ്; കണ്ണീരോടെ പാര്‍ട്ടിവിട്ട ഷുക്കൂറിനെ ഒപ്പംകൂട്ടാന്‍ നീക്കം

കോണ്‍ഗ്രസില്‍ നിന്നും കലാപമുയര്‍ത്തി പുറത്തു വന്ന പി സരിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎമ്മിന് തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ്. പാലക്കാട് സിപിഎമ്മിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പൊട്ടിത്തെറി പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമം. സിപിഎം ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച ഏരിയാ കമ്മറ്റിയംഗം അബ്ദുല്‍ ഷുക്കൂറിനെ കോണ്‍ഗ്രസിൽ എത്തിക്കാനാണ് ശ്രമം. ഈ നീക്കം ഏറെക്കുറേ വിജയിച്ചതായാണ് പാലക്കാട് ഡിസിസിയുടെ അവകാശവാദം. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഷുക്കൂര്‍ മാധ്യമങ്ങളെ കാണുമെന്ന് റിപ്പോര്‍ട്ടുണ്ട്.

പാര്‍ട്ടിയില്‍ നിന്നുള്ള അവഗണനയെ തുടര്‍ന്നാണ് അബ്ദുല്‍ ഷുക്കൂര്‍ സിപിഎം വിട്ടത്. പാലക്കാട് നഗര മേഖലയില്‍ സ്വാധീനമുള്ള നേതാവാണ്. ഷുക്കൂറിന്റെ സഹോദരി സെലീന സിപിഎം കൗണ്‍സിലറുമാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു അധിക്ഷേപിച്ചതാണ് ഷുക്കൂറിനെ ചൊടിപ്പിച്ചത്. പാര്‍ട്ടി തന്നെ അപമാനിച്ചതായും ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും കണ്ണീരോടെ ഷുക്കൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നു.

ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നീക്കം തുടങ്ങിയത്. കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയും ഷുക്കൂറിനെ ലക്ഷ്യമിട്ട് ഇങ്ങിയിട്ടുണ്ട്. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ ഷുക്കീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി.

സിപിഎമ്മും അനുനയന നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന നേതാക്കള്‍ തന്നെ ഷുക്കൂറിനെ ബന്ധപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി വിടുമെന്നത് അഭ്യൂഹമാണെന്നും വൈകിട്ടത്തെ തിരഞ്ഞെടുപ്പു സമ്മേളനത്തില്‍ ഷുക്കൂര്‍ പങ്കെടുക്കും എന്നുമാണ് സിപിഎം പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top