പാതിരാ റെയ്ഡില്‍ മന്ത്രി രാജേഷിനെ പ്രതി സ്ഥാനത്ത് നിര്‍ത്തി കോണ്‍ഗ്രസ്; പ്രതിരോധിക്കാന്‍ ഭീഷണിയുമായി സിപിഎം
പാലക്കാട് ഉതിരഞ്ഞെടുപ്പില്‍ പാതിരാ റെയ്ഡ് വിഷയം തിളച്ച് മറിയുന്നു. വനിതാ നേതാക്കളുടെ മുറികളിലടക്കം പോലീസ് പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാത്തത് പ്രചരണ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. ഈ രാഷ്ട്രീയ നാടകത്തിന് പിന്നില്‍ മന്ത്രി എംബി രാജേഷാണെന്നാണ് ആരോപണം. മന്ത്രി രാജേഷ് ഭാര്യ സഹോദരന്‍ നിധിന്‍ കണിച്ചേരിയുമായി നടത്തിയ ഗൂഢാലോചനയാണ് റെയ്ഡ് നാടകത്തില്‍ എത്തിയെന്നാണ് കോണ്‍ഗ്രസ് നിലപാട്. വനിതാ നേതാക്കളെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മന്ത്രി രാജിവക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ് ഉയര്‍ത്തി കഴിഞ്ഞു.
മന്ത്രിയാണ് പോലീസിനെ നേരിട്ട് വിളിച്ച് റെയ്ഡ് നടത്താന്‍ ആവശ്യപ്പെട്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിക്കുന്നത്. റെയ്ഡ് വിവരം ബിജെപി നേതാക്കളെ പോലും വിളിച്ച് പറഞ്ഞത് നിധിന്‍ കണിച്ചേരിയാണെന്നും സതീശന്‍ പറയുന്നു. മന്ത്രിയെ വെറുതെവിടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞു.
മന്ത്രിയെ പ്രതി സ്ഥാനത്ത് നിര്‍ത്തിയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രചരണത്തെ നേരിടാന്‍ സിപിഎമ്മും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്നലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതു കൂടാതെ പ്രതിപക്ഷ നേതാവിനെ കൂടി ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് സിപിഎം നടത്തുന്നത്. മന്ത്രിക്കെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക വാഹനത്തില്‍ പാലക്കാട് കാലുകുത്തിക്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചാല്‍ പോലും സാധിക്കാത്ത കാര്യമെന്നായിരുന്നു ഇതിന് സതീശന്‍ നല്‍കിയ മറുപടി.
പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതില്‍ വലിയ ജാള്യതയിലാണ് സിപിഎം. ഇതോടൊപ്പം പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി ഒരു അഭിപ്രായം സ്ഥാര്‍ഥിയായ സരിന്‍ പറഞ്ഞതോടെ പ്രതിസന്ധി ഇരട്ടിച്ചിരിക്കുകയാണ്. ഇത് മറികടക്കാനാണ് സിപിഎം തിരക്കിട്ട ആലോചനകള്‍ നടത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here