പാലക്കാട് നാടകീയ രംഗങ്ങള്‍; കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അര്‍ധരാത്രി പോലീസ് പരിശോധന; പ്രതിഷേധം

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം കൊണ്ടു വന്ന് വോട്ടര്‍മാര്‍ക്ക് നല്‍കുകയാണെന്ന സിപിഎം പരാതിയിലാണ് പോലീസ് നടപടിയുണ്ടായത്. അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു. വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന മുറികളിലേക്കാണ് പോലീസ് ആദ്യം എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാതെ എത്തിയ പൊലീസ് സംഘത്തെ ആദ്യം തടഞ്ഞു മടക്കി അയച്ചെങ്കിലും അരമണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ചു പരിശോധന പൂര്‍ത്തിയാക്കി. ഒന്നും കണ്ടെത്താനായില്ല.

രാത്രി 12.10 ഓടെയാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. ആദ്യം ഷാനിമോള്‍ ഉസ്മാന്‍ താമസിക്കുന്ന മുറിയില്‍ ഒരു മുന്നറിയിപ്പും നല്‍കാതെ ഉദ്യോഗസ്ഥര്‍ കയറി. ചിലര്‍ മഫ്തിയിലായിരുന്നതിനാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഭയന്ന് മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി. പിന്നാലെ ബിന്ദുകൃഷ്ണയും ഭര്‍ത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥര്‍ കയറാന്‍ ശ്രമിച്ചു. ഇതോടെ രണ്ടു മുറികളും പൂട്ടി ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും പുറത്ത് ഇറങ്ങി പ്രതിഷേധിച്ചു.

കോണ്‍ഗ്രസ് നേതാക്കളെല്ലാം ഹോട്ടലിലെത്തിയതോടെ പ്രതിഷേധം കടുത്തു. സിപിഎം, ബിജെപി നേതാക്കള്‍ സംഘടിച്ചെത്തിയതോടെ ഹോട്ടലിന് പുറത്ത് സംഘര്‍ സമാനമായ സാഹചര്യമായി. എംപിമാരായ വി.കെ.ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും ബിജെപി, സിപിഎം നേതാക്കളെയും പോലീസ് അകത്തേക്ക് കയറ്റിയില്ല. ഇതോടെ പരസ്പരം പോര്‍വിളികളായി. സിപിഎം എംപി എഎ റഹീം അടക്കമുളളവര്‍ പരിശോധന തുടരണമെന്ന് ആവശ്യപ്പെട്ടും പോലീസിനോട് തര്‍ക്കിച്ചു. ഹോട്ടലില്‍ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

12 മുറികളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആരുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധനയെന്നും പതിവ് നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നുമാണ് പോലീസ് വിശദീകരണം. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ വിഷയം സജീവമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top