പ്രചാരണത്തിന് പുതുമ നല്‍കി ട്രാക്ടര്‍ മാര്‍ച്ചുമായി കോണ്‍ഗ്രസും ബിജെപിയും; ഇരുപാര്‍ട്ടികളും ഉയര്‍ത്തിയത് പാലക്കാട്ടെ കാര്‍ഷിക പ്രശ്നങ്ങള്‍
പാലക്കാടിന്‍റെ മനസറിഞ്ഞ് യുഡിഎഫ് – ബിജെപി വ്യത്യസ്ത ട്രാക്ടര്‍ മാര്‍ച്ച്. ട്രാക്ടര്‍ രാഷ്ട്രീയം കേരളത്തിലും പയറ്റുന്നു എന്നതിന്റെ തെളിവുകൂടിയായി ട്രാക്ടര്‍ മാര്‍ച്ചുകള്‍. യുഡിഎഫ് ആണ് ആദ്യം മാര്‍ച്ച് നടത്തിയത്. അതിന് തൊട്ടുപിന്നാലെയാണ് ബിജെപികൂടി എത്തിയത്. രണ്ടു പാര്‍ട്ടികളും കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്.
എംപിമാരായ വി.കെ.ശ്രീകണ്ഠനും ഷാഫി പറമ്പിലുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം എത്തിയത്. ഷാഫിയാണ് ട്രാക്ടര്‍ ഓടിച്ചത്. കെ.മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യുഡിഎഫുകാരും ട്രാക്ടറുകളും അകമ്പടി സേവിച്ചു.
നെല്ല് സംഭരണം പാളിയത് ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് മാര്‍ച്ച്. ജനങ്ങളുടെ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്. പകരം അനാവശ്യവിവാദങ്ങളാണ് ചര്‍ച്ചയാകുന്നത്. – ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട് ജില്ലയ്ക്ക് കാര്‍ഷിക പാക്കേജ് വേണമെന്ന് .ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറും ശോഭാ സുരേന്ദ്രനുമാണ് ട്രാക്ടര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. നെല്‍കര്‍ഷകരുടെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് നടത്തിയത്.
കര്‍ഷകരുടെ കൂടെ ബിജെപിയാണ് ഉള്ളതെന്ന് കര്‍ഷകര്‍ക്ക് അറിയാമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കിസാന്‍ സമ്മാന്‍ നിധി, നെല്ല് സംഭരണവില കൂട്ടിയത് എന്നിവയൊക്കെ കര്‍ഷക മനസിലുണ്ട്. കൃഷ്ണകുമാര്‍ പറഞ്ഞു. കുറച്ച് ദിവസമായി പാലക്കാട് പ്രചാരണ രംഗത്തുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് നടക്കുക എന്ന് മാര്‍ച്ചില്‍ പങ്കെടുത്ത നടന്‍ കൃഷ്ണപ്രസാദ് പറഞ്ഞു. മോദി സര്‍ക്കാരിന്റെ കര്‍ഷക അനുകൂല നയങ്ങളോട് പാലക്കാട് ജനത പ്രതികരിക്കുമെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here