അങ്ങനെ കുളപ്പുള്ളിയിലെ സിമൻ്റ് കടയും സിഐടിയു പൂട്ടിച്ചു… വ്യവസായ കേരളത്തിന് മറ്റൊരു ഉജ്ജ്വല മാതൃക!!

പാലക്കാട് കുളപ്പുള്ളിയിലെ സിമന്‍റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലിയുടെ തർക്കത്തിൽ സമവായം ഉണ്ടാക്കാനാകാതെ സ്ഥാപനം പ്രവർത്തനം നിർത്തിവെച്ചു. രണ്ടാഴ്ചയിലേറെയായി കടയുടെ മുന്നിൽ കുടിൽകെട്ടി സിഐടിയു നടത്തുന്ന സമരം മൂലം കടയുടെ പ്രവർത്തനമാകെ താളംതെറ്റിയിരുന്നു. കട തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും സ്ഥാപനമുടമ ജയപ്രകാശ് പറഞ്ഞു.
ലോഡുമായി വരുന്ന ലോറിയിൽ നിന്ന് സിമൻ്റ് ചാക്കുകൾ ഇറക്കാൻ യന്ത്രം സ്ഥാപിച്ചതിനെതിരെ സിഐടിയു ചുമട്ട് തൊഴിലാളികൾ സമരം ആരംഭിച്ചിരുന്നു. യന്ത്രം പ്രവർത്തിപ്പിക്കാൻ രണ്ട് തൊഴിലാളികളെയാണ് കടയുടമ നിയോഗിച്ചത്. ഇതിന് പകരമായി അഞ്ച് തൊഴിലാളികൾക്ക് കൂടി ജോലി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു കുടിൽകെട്ടി സമരം ആരംഭിച്ചു. ലേബർ ഓഫീസറുമായി രണ്ട് വട്ടം ചർച്ച നടത്തിയെങ്കിലും ഇരുകൂട്ടരും നിലപാടുകളിൽ ഉറച്ചു നിന്നതോടെ സമവായം ഉണ്ടായില്ല.
സിഐടിയു തൊഴിലാളികളുടെ ഭീഷണി മൂലം സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും പൂട്ടുകയല്ലാതെ വേറെ വഴിയില്ലെന്നുമാണ് ജയപ്രകാശ് പറയുന്നത്. കട പൂട്ടിയാലും സമരം തുടരുമെന്നാണ് സിഐടിയു നിലപാട്. ഇതിനിടയിൽ ജയപ്രകാശിനെ തൊഴിലാളികൾ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. കടയുടമയ്ക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും കട പ്രവർത്തിപ്പിക്കാൻ അനുവദിക്കാത്ത സാഹചര്യത്തിൽ വേറെ വഴിയില്ലെന്നാണ് ജയപ്രകാശ് പറയുന്നത്.
മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് അവകാശപ്പെടുമ്പോഴാണ് ഭരണകക്ഷി തൊഴിലാളി സംഘടനയുടെ ഭീഷണി. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് പുനലൂരിൽ പ്രവാസി സംരംഭകൻ സുഗതൻ സിപിഐ യുവജന സംഘടനയുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. 2019ൽ കണ്ണൂരിലെ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയ്ക്കൽ നഗരസഭാ അധികൃതരുടെ ഭീഷണിയെത്തുടർന്ന് തൂങ്ങി മരിച്ചു.
രാജ്യത്തെ വൻകിട വ്യവസായ സ്ഥാപനമായ കിറ്റക്സിൻ്റെ ഉടമ സാബു ജേക്കബ് വ്യവസായ യൂണിറ്റുകൾ തെലുങ്കാനയിലേക്ക് മാറ്റി സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉപദ്രവങ്ങൾ മൂലം നാടുവിടുന്നു എന്ന് പ്രഖ്യാപിച്ചാണ് കിറ്റക്സിൻ്റെ പുതിയ യൂണിറ്റ് തെലങ്കാനയിലേക്ക് മാറിയത്. കേരളത്തിൻ്റെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് കൃത്യമായ ഇടവേളകളിൽ സർക്കാർവക വാഴ്തുപാട്ടുകൾ ഉയരുന്നതല്ലാതെ യാഥാർത്ഥ്യങ്ങൾക്ക് മാറ്റമില്ല എന്നാണ് വീണ്ടും തെളിയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here