നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി അമ്മൂമ്മയെ കൊന്നതില്‍ ഫസീലയും ഭർത്താവും കുറ്റക്കാര്‍; ഷാരോൺ വധക്കേസിന് സമാനമായ മണ്ണാർക്കാട് കേസിലും ശിക്ഷ നാളെ

പലക്കാട് മണ്ണാർക്കാട് ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിൻ്റെ അമ്മൂമ്മയെ കൊന്ന കേസിൽ പ്രതികൾ കുറ്റക്കാർ. കേസിലെ ഒന്നാം പ്രതി ഫസീല, രണ്ടാം പ്രതി ഭർത്താവ് ബഷീർ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. നോമ്പു കഞ്ഞിയിൽ വിഷം കലർത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇവർക്കുള്ള ശിക്ഷ മണ്ണാർക്കാട് കോടതി നാളെ വിധിക്കും. ജഡ്ജി ജോമോൻ ജോൺ ആണ് വിധി പറഞ്ഞത്.
2016 ജൂൺ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തോട്ടര സ്വദേശി നബീസ (71) കൊല്ലപ്പെട്ടത്. പ്രതികൾ താമസിക്കുന്ന വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി നബീസയെ വിളിച്ചു വരുത്തിയാണ് വിഷം കലർത്തിയ ഭക്ഷണം നൽകിയത്.
മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ ചാക്കിൽകെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇതാണ് പ്രതികളെ കുടുക്കാൻ പോലീസിന് സഹായകരമായത്.
മുമ്പ് ഭർത്താവിൻ്റെ പിതാവിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേലും ഫസീല ശിക്ഷിക്കപ്പെട്ടിരുന്നു. ഒന്നാംപ്രതിയായിരുന്ന ഫസീലക്ക് അഞ്ച് വർഷം കഠിന തടവാണ് ലഭിച്ചിരുന്നത്. മുൻ വൈരാഗ്യത്തിന്‍റെ പേരിലായിരുന്നു കൊലപാതക ശ്രമം ആസൂത്രണം ചെയ്തത്. ബന്ധുവീടുകളില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഫസീല. ഇക്കാര്യം മറച്ചുവെക്കുന്നതിനുവേണ്ടിയാണ് ഭർത്താവ് ബഷീറിന്‍റെ സഹായത്തോടെ നബീസയെ കൊലപ്പെടുത്തകയും ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതും. ഭർത്താവിന്‍റെ അമ്മയുടെ മരണത്തിലും ദുരൂഹതകളുണ്ട്.
Also Read: ഗ്രീഷ്മക്ക് വധശിക്ഷ നൽകണം; അമ്മയെ വെറുതെ വിട്ടതിൽ അതൃപ്തിയുമായി ഷാരോണിൻ്റെ കുടുംബം
അതേസമയം കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മ കുറ്റക്കാരിയെന്ന് നെയ്യാറ്റിൻകര സെഷൻ കോടതി കണ്ടെത്തി. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധു കുമാരിയെ വെറുതെ വിട്ടു. 2022 ഒക്‌ടോബർ 14നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കാമുകിയായിരുന്ന ഗ്രീഷ്‌മ കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ജഡ്‌ജി എംഎം ബഷീറാണ് വിധി പറഞ്ഞത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഗ്രീഷ്മക്കും മുന്നാം പ്രതിയായ അമ്മാവൻ നിർമ്മല കുമാരനുമുള്ള ശിക്ഷ നാളെ വിധിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here