ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ഒളിവില്‍ തന്നെ; പോലീസ് വീഴ്ചയിലും അന്വേഷണം
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര ഒളിവില്‍ തുടരവേ പോലീസ് വീഴ്ചയിലും അന്വേഷണം. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് കോടതിയെ അറിയിക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റി എന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. ഈ കാര്യത്തില്‍ പാലക്കാട് എസ്പി ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെന്താമര നെന്മാറ പഞ്ചായത്തിന്റെ പരിധിയില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥയുണ്ട്. ഇത് ലംഘിച്ച് ചെന്താമര വീട്ടില്‍ തുടരുന്ന കാര്യം പോലീസിനെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില ആരോപിച്ചിരുന്നു. “ഭീഷണിയുണ്ടെന്ന് കാണിച്ച് അച്ഛനും ഞാനും കൂടെ ഡിസംബർ 29ന് പൊലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ, അവർ കാര്യമായി എടുത്തില്ല. ചെന്താമര സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയെ പൊലീസ് വിളിച്ചുവരുത്തിയപ്പോൾ ഞാൻ ഇനി ഒന്നും ചെയ്യില്ല എന്നാണ് പറഞ്ഞത്.” അഖില പറഞ്ഞിരുന്നു.
ആദ്യം അഖിലയുടെ അമ്മ സജിതയെയാണ് ചെന്താമര വെട്ടിക്കൊന്നത്. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണ് ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്. ഇതിനുശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മയെയും വെട്ടിക്കൊന്നത്.
ചെന്താമര സംശയരോഗിയായിരുന്നു. ചെന്താമരയുടെ ഈ സംശയമാണ് അഞ്ച് വർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയുടെ കൊലപാതകത്തിന് പിന്നിൽ. ചെന്താമരയുടെ ഭാര്യയും കുട്ടികളും വേറെയാണ് താമസം. ഭാര്യയും മക്കളും വേര്‍പിരിയാന്‍ കാരണം സജിതയാണെന്നായിരുന്നു ചെന്താമരയുടെ സംശയം. ഇതാണ് സജിതയുടെ കൊലപാതകത്തില്‍ കലാശിച്ചത്. പക മാറാതെ ഭര്‍ത്താവിനെയും അമ്മയെയും വെട്ടിക്കൊല്ലുകയും ചെയ്തു.
ചെന്താമരയെ കണ്ടെത്താന്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുന്നത്. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here