പാലക്കാട്ടെ നിര്‍ഭയയില്‍ നിന്നും മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങി; കാണാതായവരില്‍ പോക്സോ ഇരയും; ഒളിച്ചോട്ടം തുടര്‍ക്കഥയാകുന്നു
നിര്‍ഭയ കേന്ദ്രങ്ങളില്‍ നിന്നും പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് തുടര്‍ക്കഥയാവുന്നു. പാലക്കാട് നിര്‍ഭയയിലെ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്നലെ കാണാതായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നിര്‍ഭയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാലക്കാട്ടെ പെൺകുട്ടികളെ കാണാതായ വാര്‍ത്തയും പുറത്തുവരുന്നത്. 17 വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്. ഇവര്‍ എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് സൂചനകളില്ല. കാണാതായതിൽ പോക്സോ കേസിലെ ഇരയും ഉള്‍പ്പെട്ടിട്ടുണ്ട്.
അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് പെണ്‍കുട്ടികളുടെ മുങ്ങല്‍. കുട്ടികളെ കാണാതായ വിവരം നിര്‍ഭയ കേന്ദ്രം അധികൃതര്‍ വിവരം പൊലീസിൽ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം.
തിരുവനന്തപുരത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം മൂന്ന് പെണ്‍കുട്ടികള്‍ ഒളിച്ചോടിയത്. ഇതില്‍ രണ്ടുപേര്‍ പോക്സോ കേസിലെ ഇരകളായിരുന്നു. അതിജീവിതയുടെ പാലോടുള്ള ബന്ധുവീട്ടിലേക്ക് ആണ് ഇവര്‍ പോയത്. പണം കയ്യിലില്ലാത്തതിനാല്‍ നടന്നും ഓട്ടോ പിടിച്ചുമാണ് ഇവര്‍ പാലോട് എത്തിയത്. ബന്ധുക്കളാണ് ഓട്ടോയുടെ പണം കൊടുത്തത്. കൗണ്‍സിലര്‍ വിളിച്ചുപറഞ്ഞാണ് കുട്ടികള്‍ പാലോട് എത്തിയ കാര്യം പോലീസ് അറിഞ്ഞത്. തുടര്‍ന്ന് പാലോട് നിന്നും കുട്ടികളെ ഏറ്റെടുത്ത് പോലീസ് നിര്‍ഭയ ഹോമില്‍ എത്തിക്കുകയായിരുന്നു.
നിര്‍ഭയ എന്‍ട്രി ഹോമുകള്‍ ആയി മാറുകയും ഇവയുടെ ചുമതല സര്‍ക്കാരിനു കീഴിലുള്ള മഹിളാ സമഖ്യ സൊസൈറ്റികളില്‍ നിന്നും മാറ്റി എന്‍ജിഒകള്‍ക്ക് കൈമാറുകയും ചെയ്തതോടെയാണ് നിര്‍ഭയ ഹോമുകളില്‍ താളപ്പിഴകള്‍ തുടങ്ങിയത്. 2021 മുതല്‍ ഒരൊറ്റ സെക്യൂരിറ്റി ജീവനക്കാരനാണ് നിര്‍ഭയകളില്‍ ഉള്ളത്. ആ സെക്യൂരിറ്റി പകല്‍ വേണോ രാത്രി വേണോ എന്ന് അതാത് നിര്‍ഭയ ഹോമുകള്‍ക്ക് തീരുമാനിക്കാം എന്നതാണ് നിലവിലെ അവസ്ഥ. ഇത് തന്നെ കുട്ടികള്‍ക്ക് ഒളിച്ചോടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. പോക്സോ കേസിലെ അതിജീവിതകളാണ് ഇവിടുത്തെ അന്തേവാസികളില്‍ മിക്കവരും എന്ന് വരുമ്പോള്‍ നടത്തിപ്പിലെ ഗുരുതര പാകപ്പിഴകളാണ് പുറത്തുവരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here