മനസിലെ തീ അണയ്ക്കാന്‍ ഈ ശിക്ഷ മതിയാകില്ലെന്ന് ഹരിത; തേങ്കുറശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികരണവുമായി ബന്ധുക്കള്‍
ഇത്രയും വലിയ കുറ്റത്തിന് ഈ ശിക്ഷ മതിയോ എന്ന ചോദ്യവുമായി പാലക്കാട് തേങ്കുറശ്ശി ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെ ഭാര്യ ഹരിത. ഇന്നത്തെ വിധിയില്‍ തൃപ്തിയില്ലെന്ന് ഹരിത പറഞ്ഞു. കേസില്‍ വധശിക്ഷ തന്നെ വേണം. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും ഹരിത പറഞ്ഞു.
“ഇരട്ട ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്. അത് ലഭിച്ചില്ല. അതിനാല്‍ അപ്പീല്‍ മാത്രമാണ് മുന്നില്‍ ഉള്ളത്. എന്നെയും കൊല്ലും എന്ന് പറഞ്ഞുള്ള ഭീഷണി ഉണ്ടായിരുന്നു. ” – ഹരിത പറഞ്ഞു. മനസിലെ തീ കെടാന്‍ ഈ ശിക്ഷ പര്യാപ്തമല്ലെന്ന് ഹരിതയ്ക്ക് പിറകേ അനീഷിന്റെ അച്ഛനും പ്രതികരിച്ചു.
പാലക്കാടിനെ നടുക്കിയ ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനുമാണ് ശിക്ഷ വിധിച്ചത്. കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയിലാണ് വിധി. അരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവാണ് വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമല്ല നടന്നത്. അതിനാല്‍ പ്രതികളെ വെറുതെ വിടണം എന്നാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്. കോടതി പ്രതികളോട് പ്രതികരണം ആരാഞ്ഞിരുന്നു. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം.
2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു അരുംകൊല. അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാംപ്രതിയും അച്ഛൻ പ്രഭുകുമാർ രണ്ടാംപ്രതിയുമാണ്. അനീഷും ഹരിതയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരുവരും വ്യത്യസ്ത ജാതിയില്‍ പെട്ടവരായിരുന്നു. സാമ്പത്തിക അന്തരവുമുണ്ടായിരുന്നു.
വിവാഹത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കടുത്ത എതിര്‍പ്പിലായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ തന്നെ അനീഷ് കുത്തേറ്റു കൊല്ലപ്പെട്ടു. അനീഷും സഹോദരനും ബൈക്കില്‍ പോകുമ്പോഴായിരുന്നു കൊലപാതകം. വടിവാളുകൊണ്ടും കമ്പിവടികൊണ്ടുമായിരുന്നു ആക്രമണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here