അര്‍ദ്ധരാത്രി വരെ കോണ്‍ഗ്രസ് ഉപരോധം; കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം; പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാട്ടിയ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ പാലാരിവട്ടം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഫലം കണ്ടു. രാത്രി ആറുമണിക്കൂര്‍ നീണ്ട പോലീസ് സ്റ്റേഷന്‍ ഉപരോധം വന്നതോടെ കടുത്ത വകുപ്പുകള്‍ ഒഴിവാക്കി പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ഇതോടെ സ്റ്റേഷന്‍ ഉപരോധം അവസാനിപ്പിച്ചു. ജാമ്യം ലഭിച്ച പ്രവര്‍ത്തകരെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് വീണ്ടും അറസ്റ്റ് ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചത്. മധുരം നല്‍കിയാണ് നേതാക്കള്‍ സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡന്‍ എംപി., എംഎല്‍എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. നേതാക്കള്‍ സ്റ്റേഷന്‍ ഉപരോധിച്ചതോടെ പ്രവര്‍ത്തകര്‍ റോഡും ഉപരോധിച്ചു. ഗതാഗത തടസം വന്നതോടെ യാത്രക്കാരും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും നടന്നു. രാത്രി വൈകിയതോടെ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെ ഉപരോധം കനത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി.

നവകേരള സദസ്സിനായി പാലാരിവട്ടം ജങ്ഷനിലൂടെ മുഖ്യമന്ത്രി കടന്നുപോയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതില്‍ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ജാമ്യം നല്‍കാമെന്നു പോലീസ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സിപിഎം സമ്മര്‍ദ്ദം വന്നതോടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top