ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത മുഖപത്രം; “ഒരുവശത്ത് പലസ്തീന്‍ പ്രേമം, മറുവശത്ത് സെലിബ്രിറ്റി ഷോ” !!

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത. സമസ്തയുടെ മുഖപത്രമായ സുപ്രഭാതമാണ് ജമാഅത്തെ ഇസ്ലാമിക്ക് എതിരെ രംഗത്തെത്തിയത്. ‘പലസ്തീനില്‍ മനുഷ്യക്കുരുതി തുടരുമ്പോഴും ആഘോഷപരിപാടികളുമായി ജമാഅത്തെ ഇസ്ലാമി’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണ് രൂക്ഷവിമര്‍ശനം. ലോകം മുഴുവന്‍ പലസ്തീന്‍ ജനതക്ക് വേണ്ടി തെരുവിലിറങ്ങുമ്പോഴും ജമാഅത്തെ ഇസ്ലാമി സെലിബ്രിറ്റി ഷോകളിലാണ്. മാധ്യമം പത്രം നടത്തുന്ന താരനിശക്ക് എതിരെയാണ് വിമര്‍ശനം.

മാധ്യമം ബീറ്റ്സ് ഓഫ് ഫ്രണ്ട്ഷിപ്പ് വിത്ത്‌ വൈറല്‍ സൂപ്പര്‍സ്റ്റാര്‍സ് എന്ന പേരില്‍ ഷോ സംഘടിപ്പിക്കുന്നു. ഇത്തരം ഷോകള്‍ നടത്താനുള്ള രാഷ്ട്രീയ അന്തരീക്ഷമാണോ നിലനില്‍ക്കുന്നത്. പലസ്തീനികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് അവിടുത്തെ ക്രൈസ്തവ സമൂഹം ബെത്ലഹേമിലെ ക്രിസ്മസ് ആഘോഷം വേണ്ടെന്ന് വെച്ചു. താര സംഘടനയായ ‘അമ്മ’ സംഘടന ഖത്തറില്‍ നടത്താനിരുന്ന താരനിശ വേണ്ടെന്ന് വെച്ചു. ഭൂരിഭാഗം ടിക്കറ്റുകളും വിറ്റ്‌ തീര്‍ന്നിരിക്കെയാണ് ഗ്ലാമര്‍ പരിപാടി ‘അമ്മ’ മാറ്റിവെച്ചത്. എന്നാല്‍ സമുദായത്തിന് നിരക്കാത്ത സഭ്യേതരമായ പരിപാടികള്‍ പത്രത്തിന്റെയും ചാനലിന്റെയും ബാനറില്‍ നടത്തുകയാണ് ജമാഅത്തെ ഇസ്ലാമി. ഒരു വശത്ത് പലസ്തീന്‍ പ്രേമം പ്രകടിപ്പിക്കുമ്പോഴാണ് ഇത്.

തൃശൂര്‍ മാളയില്‍ മാധ്യമത്തിന്റെ താരനിശ അരങ്ങേറി. 28ന് കോഴിക്കോടാണ് അടുത്ത ഷോ. സിനിമാ ഷോകളെ വെല്ലുന്ന തരത്തിലുള്ള സംഗീതരാവാണ് നടക്കുന്നത്. നിറഞ്ഞാടുന്ന ഗായികമാരിലൂടെ ആളുകളെ ആകര്‍ഷിക്കാനാണ് നീക്കം. ശ്രീരാഗം പെയ്തിറങ്ങും മണ്ണില്‍ താരങ്ങള്‍ മണ്ണിലിറങ്ങുന്നു എന്നാണ് പരിപാടിയുടെ ടാഗ് ലൈന്‍. ഗള്‍ഫ് നാടുകളിലും സെലിബ്രിറ്റികളെ സംഘടിപ്പിച്ച് പത്രത്തിന്‍റെയും ചാനലിന്റെയും പേരില്‍ താരനിശകള്‍ നടത്തിയിരുന്നു. അണികളിലും പാര്‍ട്ടിയിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്-സുപ്രഭാതം എഴുതുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top