ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് പാലോട് രവി; രാജി സ്വന്തം പഞ്ചായത്തിലെ ഭരണ നഷ്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്; അംഗീകരിക്കാതെ കെപിസിസി
തിരുവനന്തപുരം : ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് പാലോട് രവി. സ്വന്തം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് രാജിക്കത്ത് കൈമാറി.
പാലോട് രവിയുടെ സ്വന്തം പഞ്ചായത്തായ പെരിങ്ങമ്മല പഞ്ചായത്തിലെ ഭരണമാണ് കോണ്‍ഗ്രസിന് നഷ്ടമായത്. പഞ്ചായത്ത് പ്രസിഡന്റും രണ്ട് പഞ്ചായത്തംഗങ്ങളും കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിലും ചര്‍ച്ച നടത്തുന്നതിലും ഡിസിസി നേതൃത്വത്തിന് ഗുരുതരമായ വീഴ്ചയുണ്ടായതായി ആരോപണമുയര്‍ന്നിരുന്നു.
പുനസംഘടനയുമായി ബന്ധപ്പെട്ടും ജില്ലയിലെ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ നിരവധിയായിരുന്നു. ചിലയിടങ്ങളില്‍ പ്രശ്‌നം പരിഹരിച്ചെങ്കിലും പലയിടത്തും തര്‍ക്കം തുടരുകയാണ്. ഇതിനു പിന്നാലെയാണ് പഞ്ചായത്ത് ഭരണം തന്നെ നഷ്ടമാകുന്ന തരത്തിലുള്ള പാര്‍ട്ടി മാറല്‍. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലെത്തി പഞ്ചായത്ത് പ്രസിഡന്റായ ഷിനു മടത്തറ, പഞ്ചായത്തിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ കലയപുരം അന്‍സാരി, ഷഹനാസ് എന്നിവരാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്.
പാലോട് രവിയുടെ രാജി കെപിസിസി തള്ളി. പാര്‍ട്ടിക്ക് നല്‍കിയ സേവനം കണക്കിലെടുത്ത് സ്ഥാനത്ത് തുടരാന്‍ കെപിസിസി പാലോട് രവിക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്നും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here