ദേശീയഗാനം തെറ്റിച്ച് പാടിയ പാലോട് രവിയെ തിരുത്തി സിദ്ദിഖ്; സുധാകരനെ പരസ്യമായി തിരുത്തി സതീശനും; സമരാഗ്നി സമാപനത്തില്‍ താളപ്പിഴ
തിരുവനന്തപുരം: സമരാഗ്നി സമാപന സമ്മേളനത്തിന്റെ അവസാനം ദേശീയഗാനം തെറ്റിച്ച് പാടി ഡിസിസി പ്രസിഡന്റ് പാലോട് രവി. പ്രസിഡന്റിന്റെ ഭാഗത്തുനിന്നും വന്ന അബദ്ധം മനസിലാക്കി ‘അവിടെ സിഡി ഇട്ടോളും’ എന്നു ടി.സിദ്ദിഖ് തിരുത്തിയതും എല്ലാവരും മൈക്കിലൂടെ കേള്‍ക്കുകയും ചെയ്തു. പാലോട് രവിയെ മൈക്കിന് മുന്നില്‍ നിന്നും സിദ്ദിഖാണ് മാറ്റിയത്. വനിതാ നേതാവ് എത്തിയാണ് ദേശീയഗാനം പൂർത്തിയാക്കിയത്.
കെപിസിസി അധ്യക്ഷന്‍ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള പോര് തുടര്‍ന്നുകൊണ്ടിരിക്കെ സതീശന്‍ സുധാകരനെ പരസ്യമായി തിരുത്തുന്നതും പരിപാടിയില്‍ കണ്ടു.
സമാപന സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ പ്രവർത്തകർ പിരിഞ്ഞുപോയതിനെതിരെ സുധാകരൻ പ്രസ്താവന നടത്തിയിരുന്നു. മുഴുവൻ സമയം പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിനു വന്നെന്നായിരുന്നു സുധാകരന്റെ ചോദ്യം. ‘മൂന്നുമണിക്കു കൊടുംചൂടിൽ വന്നുനിൽക്കുന്നവരാണ്. അഞ്ചുമണിക്കൂർ തുടർച്ചയായി ഇരുന്നു. 12 പേർ പ്രസംഗിച്ചു. അതിനാൽ പ്രവർത്തകർ പോയതിൽ പ്രസിഡന്റ് വിഷമിക്കേണ്ട’’– സതീശൻ പറഞ്ഞു.