പാലക്കാട് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് പയറ്റുന്നത്; കേരളത്തില്‍ വിലപ്പോകില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ എല്‍ഡിഎഫ് പരസ്യം നല്‍കിയതില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
“പാലക്കാട് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് പയറ്റുന്നത്. ഭിന്നതയിലൂടെ നേട്ടം ഉണ്ടാക്കുന്നത് ഫാസിസ്റ്റുകളാണ്. ജനങ്ങളെ ഭിന്നിപ്പിച്ചാണ് അവര്‍ അധികാരത്തില്‍ വന്നത്. പാലക്കാട്ടും ചിലര്‍ അത് പരീക്ഷിക്കാന്‍ ശ്രമിക്കുന്നു. നിഷ്‌ക്കളങ്കരായ വോട്ടര്‍മാരെ ഭിന്നിപ്പിച്ചു വോട്ടുകള്‍ വിഭിന്ന തട്ടിലാക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ കരുതിയിരിക്കണം.”
“പരസ്യത്തിലൂടെയും പ്രസംഗത്തിലൂടെയും അത്തരം ശ്രമമാണ് നടക്കുന്നത്. അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും ശിക്ഷ കിട്ടും. മനപൂര്‍വ്വം ചെയ്യുന്നവര്‍ക്ക് അവിടെ നിന്നും ഇവിടെ നിന്നും ശിക്ഷ കിട്ടും. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയില്‍ ഫാസിസ്റ്റുകള്‍ക്ക് സ്ഥാനമില്ല. അറിഞ്ഞു കൊണ്ട് ചില ചെയ്തികള്‍ ചെയ്തു പോകുന്നു. അതിനെ വിമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല.” സാദിഖലി തങ്ങള്‍ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യം വിവാദമായിരുന്നു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു പരസ്യം. ‘സരിന്‍ തരംഗം’ എന്ന തലക്കെട്ടിലാണ് പരസ്യം.
‘ഈ വിഷനാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം’ എന്ന് തുടങ്ങി, സന്ദീപ് ആര്‍എസ്എസ് വേഷത്തില്‍ നില്‍ക്കുന്ന ചിത്രം അടക്കം നല്‍കി, രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉതിര്‍ത്താണ് പരസ്യം നല്‍കിയത്. സന്ദീപിന്റെ പഴയ പ്രസ്താവനകളാണ് പരസ്യത്തില്‍ നിറയെ. പത്രങ്ങളിലെ എല്‍ഡിഎഫ് പരസ്യം അനുമതി വാങ്ങാതെയാണെന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. ജില്ലാ കളക്ടര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here