അമ്മ ഫ്ലാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു; ചടങ്ങുകള്‍ പോലീസിന്‍റെയും കോര്‍പ്പറേഷന്‍റെയും നേതൃത്വത്തില്‍
കൊച്ചി: പനമ്പിള്ളിനഗറില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം പുല്ലേപ്പടി പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് പോലീസാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കുഞ്ഞിന്‍റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന് കൈമാറുകയും മേയര്‍ എം അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സംസ്കരിക്കുകയും ചെയ്തു.
ജനിച്ച് മൂന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി റോഡിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിനെ പൊതു ശ്മശാനത്തില്‍ സംസ്കരിക്കാനുള്ള സമ്മതപത്രം 23കാരിയായ അമ്മയില്‍ നിന്നും പോലീസ് വാങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മൃതദേഹം സംസ്കരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഏറ്റെടുത്തത്.
അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മേയ് 3ന് രാവിലെ 8മണിക്കാണ് ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റിന്‍റെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം റോഡിനു മധ്യേ കണ്ടെത്തിയത്. ആ വഴി കടന്നുപോയ സ്കൂള്‍ വാനിന്റെ ഡ്രൈവര്‍ ആണ് ആദ്യം കണ്ടത്. അന്നേദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പെണ്‍കുട്ടി വീട്ടിലെ ശുചിമുറിയില്‍ പ്രവസവിച്ചത്. ഗര്‍ഭിണിയാണെന്ന വിവരം വീട്ടില്‍ അറിയാത്തതിനാല്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. യാതൊരു വൈദ്യസഹായവുമില്ലാതെ പ്രസവിച്ചതുമൂലം അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കഴിയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here