പഞ്ചാരക്കൊല്ലിക്കാര്‍ക്ക് ഇനി സമാധാനമായി ഉറങ്ങാം; നരഭോജി ദൗത്യം അവസാനിച്ചിട്ടില്ലെന്നും മന്ത്രി
വയനാട്ടില്‍ ജനങ്ങളുടെ ജീവന് ഭീക്ഷണിയായ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ദൗത്യം തുടരുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഇത്തരം ദൗത്യങ്ങൾ നിർത്താൻ ആലോചിക്കുന്നില്ല. കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ സ്‌പെഷ്യൽ ഓപ്പറേഷൻ ഉണ്ടാകും.ഇതിനായുള്ള ക്രമീകരണങ്ങൾ ഉടൻ നടത്തും. സംശയമുള്ള പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തുമെന്നും ഓപ്പറേഷൻ വയനാട് രണ്ടാം ഘട്ടം ഉടൻ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.കടുവയുടെ മരണകാരണം സംബന്ധിച്ച സംശയങ്ങൾക്ക് പോസ്റ്റ്മോർട്ടത്തിലൂടെയേ വ്യക്തത വരൂ.
ഓപ്പറേഷൻ വയനാടിൻ്റെ രണ്ടാം ഘട്ടം ഇനിയുള്ള ദിവസങ്ങളിൽ തുടരും. പിലാക്കാവിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവ തന്നെയാണ് പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയത്. 17 ലധികം ക്യാമറകളിൽ ഈ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളുണ്ട്. ആഴത്തിലുള്ള മുറിവാണിത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവുണ്ടായതെന്നാണ് വനം വകുപ്പിൻ്റെ പ്രാഥമിക നിഗമനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here