കൊല്ലം സുധിയുടെ വീടു നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കുന്നില്ല; ‘കാണേണ്ടതു പോലെ കാണാത്തതുകൊണ്ട്’ എന്ന് ബിഷപ്പ്

തിരുവനന്തപുരം: അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ വീടു നിർമ്മാണത്തിന് കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം പഞ്ചായത്ത് അനുമതി നല്‍കുന്നില്ലെന്ന് ആരോപണം. വീടു പണി കഴിയാറായിട്ടും പഞ്ചായത്ത് പെര്‍മിറ്റ് നല്‍കിയിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞു മൂന്ന് തവണയാണ് പെര്‍മിറ്റ് നല്‍കാതെ കുഴപ്പിക്കുന്നതെന്ന് വീടുപണിക്കായി സ്ഥലം നല്‍കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഉദ്യോഗസ്ഥരെ കാണേണ്ടപോലെ കാണാത്തതിനാലാണ് പെര്‍മിറ്റ് നല്‍കാത്തതെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു.

അതേസമയം, ബിഷപ്പ് സൗജന്യമായി നല്‍കിയ സ്ഥലം തര്‍ക്ക ഭൂമിയാണെന്നും കോടതി സ്റ്റേ ഉള്ളതാണെന്നും അതിനാലാണ് പെര്‍മിറ്റ് വൈകുന്നതെന്നും തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണകുമാരി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. എന്നാല്‍ ഭൂമിയ്ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും, കൈക്കൂലി നല്‍കാത്തതിനാലാണ് ഇത്തരത്തില്‍ കുഴപ്പിക്കുന്നതെന്നുമാണ് ബിഷപ്പ് ആരോപിക്കുന്നത്. കുടുംബസ്വത്തില്‍ നിന്നും ലഭിച്ച 10 ഏക്കര്‍ ഭൂമിയിലെ ഏഴു സെന്റ് സ്ഥലമാണ് ബിഷപ്പ് സുധിയുടെ കുടുംബത്തിന് ഇഷ്ട്ടദാനം നല്‍കിയത്. കൈമടക്ക് കിട്ടിയാല്‍ പഞ്ചായത്ത് പെര്‍മിറ്റ് പെട്ടെന്ന് നല്‍കുമെന്നും, ഇത്തരത്തിലെ തൃക്കൊടിത്താനം പഞ്ചായത്തില്‍ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും ബിഷപ്പ് ആരോപിച്ചു.

സുധിയുടെ കുടുംബത്തിന് സൗജന്യമായി വീട് വച്ച് നല്‍കുന്ന കേരള ഹോം ഡിസൈന്‍സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ സ്ഥാപകനായ ഫിറോസും ഇതിനെതിരെ രംഗത്തു വന്നിരുന്നു. ചെറിയ വീടിന് എന്തിനാണ് കാര്‍ പോര്‍ച്ച് എന്നാണ് പഞ്ചായത്ത് അധികൃതര്‍ ഇദ്ദേഹത്തോട് ചോദിച്ചത്. ചെറിയ വീടിന് കാര്‍ പോര്‍ച്ച് ഉണ്ടാകരുത് എന്ന നിയമം ഉണ്ടോ എന്നറിയിലെന്നും ഇങ്ങനെ ഉള്ളവരെ എന്താണ് പറയേണ്ടതെന്നും വീഡിയോയില്‍ ഫിറോസ് ചോദിച്ചു.

ആയിരം സ്‌ക്വര്‍ ഫീറ്റില്‍ മൂന്ന് ബെഡ്‌റൂമുകള്‍ അടങ്ങിയ ഒരുനില വീടാണ് നിര്‍മ്മിക്കുന്നത്. സൗജന്യമായി നിര്‍മ്മിച്ച് നല്‍കുന്ന വീടായതിനാല്‍ തന്നെ കാലതാമസം ഉണ്ടാവുമ്പോള്‍ സ്‌പോണ്‍സര്‍മാര്‍ നഷ്ടമാവുമെന്ന ആശങ്ക കൂട്ടായ്മ പങ്കുവെച്ചിരുന്നു. വീടുപണി വൈകുന്നതിന്റെ ആശങ്കയിലാണ് സുധിയുടെ ഭാര്യയും മക്കളും. അപ്രതീക്ഷിതമായി ഉണ്ടായ കാര്‍ അപകടത്തിലാണ് സുധി മരിക്കുന്നത്. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായ സുധിക്ക് സ്വന്തമായി ഒരു വീടുണ്ടായിരുന്നില്ല.

കൊല്ലം സുധിയുടെ കുടുംബത്തിന് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തില്‍ മാടപ്പള്ളിക്ക് സമീപം പ്ലാന്തോട്ടം കവലയില്‍ ഏഴു സെന്റ് ഭൂമിയാണ് ബിഷപ്പ് ഇഷ്ടദാനം നല്‍കിയത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആംഗ്ലിക്കന്‍ സഭയുടെ ഡയസിസ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുകയാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top