ഗണേഷിന് ഉദയസൂര്യന്‍; കേരള കോണ്‍ഗ്രസിന് കസേര; തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് ചിഹ്നങ്ങളായി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നങ്ങളായി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസിന് കസേര ചിഹ്നം ലഭിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് ബി-ക്ക് ഉദയസൂര്യനും, ജേക്കബ് വിഭാഗത്തിന് ബാറ്ററി ടോര്‍ച്ചും കേരള കോണ്‍ഗ്രസ് സെക്യുലറിന് ഇലക്ട്രിക് ബള്‍ബുമാണ് അനുവദിച്ചിട്ടുള്ളത്. ജനാധിപത്യ കേരള കോണ്‍ഗ്രസിന് സ്‌കൂട്ടറാണ് ചിഹ്നം.

ദേശീയ-സംസ്ഥാന പാര്‍ട്ടികള്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളുടെ പട്ടികയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. ചിഹ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഒക്ടോബര്‍ 30 വരെ കമ്മീഷന്‍ സെക്രട്ടറിക്ക് രേഖാമൂലം സമര്‍പ്പിക്കാം. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പുതുതായി ചിഹ്നം ആവശ്യമെങ്കില്‍ ഒക്ടോബര്‍ 30-നകം അപേക്ഷിക്കണം.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. മറ്റ് സംസ്ഥാനങ്ങളിലെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ അംഗീകൃത പാര്‍ട്ടികളോ കേരള നിയമസഭയിലോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ പ്രാതിനിധ്യമുള്ളതോ ആയ കക്ഷികളായിരിക്കണം അപേക്ഷിക്കേണ്ടത്.

മറ്റ് പാര്‍ട്ടിക്ക് അനുവദിച്ച ചിഹ്നങ്ങള്‍:

രാഷ്ട്രീയ ജനതാദള്‍ – റാന്തല്‍, എന്‍.സി.പി. – ക്ലോക്ക്, ഫോര്‍വേഡ് ബ്ലോക്ക് – സിംഹം, സി.പി.ഐ. (എം.എല്‍.) റെഡ് സ്റ്റാര്‍ – ബെല്‍, സി.എം.പി. – നക്ഷത്രം, കോണ്‍ഗ്രസ് എസ് – കായ്ഫലമുള്ള തെങ്ങ്, ഐ.എന്‍.എല്‍. – തുലാസ്, ജെ.എസ്.എസ്. – ബസ്, ജെ.എസ്.എസ്. (രാജന്‍ ബാബു വിഭാഗം) – ജീപ്പ്, ലോക്ജനശക്തി പാര്‍ട്ടി – ബംഗ്ലാവ്, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് – ഗ്ലാസ് ടംബ്ലര്‍, പി.ഡി.പി. – ബോട്ട്, ആര്‍.എം.പി. – ഫുട്‌ബോള്‍, സമാജ്‌വാദി പാര്‍ട്ടി – സൈക്കിള്‍, എസ്.ഡി.പി.ഐ. – കണ്ണട, വെല്‍ഫേര്‍ പാര്‍ട്ടി – ഗ്യാസ് സിലിണ്ടര്‍.

ദേശീയ പാര്‍ട്ടികളായ ആം ആദ്മി പാര്‍ട്ടി (ചൂല്), ബഹുജന്‍ സമാജ് പാര്‍ട്ടി (ആന), ഭാരതീയ ജനതാ പാര്‍ട്ടി (താമര), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (കൈപ്പത്തി), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (ബുക്ക്) എന്നിവര്‍ക്കും സംസ്ഥാന പാര്‍ട്ടികളായ ജനതാദള്‍ (സെക്യുലര്‍) (തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ), കേരള കോണ്‍ഗ്രസ് (എം) (രണ്ടില), ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് (ഏണി), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (മണ്‍വെട്ടിയും മണ്‍കോരിയും), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും) എന്നിവര്‍ക്ക് ചിഹ്നങ്ങള്‍ നേരത്തേ അനുവദിച്ചതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top