കമിതാക്കൾ അങ്ങനെ സൊള്ളണ്ട!! കപ്പിള്‍സ് കഫേക്ക് കല്ലെറിഞ്ഞ് സദാചാരക്കാർ; പൂട്ടിക്കാൻ പഞ്ചായത്ത്

തിരുവനന്തപുരം: കമിതാക്കള്‍ക്ക് വേണ്ടി കപ്പിള്‍സ് കഫെ എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തിനെതിരെ ഇരുട്ടിന്‍റെ മറവിൽ അജ്ഞാതരുടെ രോഷപ്രകടനം. ഇന്ന് പുലര്‍ച്ചെയാണ് ഒരുകൂട്ടം ആളുകൾ കഫെ പ്രവർത്തിക്കുന്ന പ്രാവച്ചമ്പലത്തെ വീടിനുനേരെ കല്ലെറിഞ്ഞത്. രണ്ട് ബൈക്കുകളിലായി നാലുപേരാണ് മുഖം മറച്ചെത്തിയത്. ആക്രമണത്തില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. സ്ഥാപനമുടമയുടെ ഗര്‍ഭിണിയായ ഭാര്യ അടക്കം കിടന്നുറങ്ങിയ വീട്ടിലാണ് അര്‍ദ്ധരാത്രി ഈ അതിക്രമം ഉണ്ടായത്.

അടുത്തിടെയാണ് കപ്പിള്‍സ് കഫെയെക്കുറിച്ച് മാധ്യമ സിന്‍ഡിക്കറ്റ് വാർത്ത പുറത്തുവിട്ടത്. പേരു സൂചിപ്പിക്കുന്നതുപോലെ കമിതാക്കള്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. രണ്ട് മണിക്കൂർ ഒന്നിച്ചിരിക്കാനും ഓരോ ഷെയ്ക്ക് കുടിക്കാനുമുള്ള ചിലവായി 300 രൂപയാണ് ഈടാക്കിയിരുന്നത്. പഴയ ഇന്‍റ്റര്‍നെറ്റ് കഫേകളുടെ മാതൃകയിൽ ക്യാബിനുകളാക്കി തിരിച്ചാണ് കഫെ എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തറിഞ്ഞതോടെ അനാശ്യാസ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന മട്ടില്‍ പ്രചാരണങ്ങളും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അജ്ഞാതരുടെ ആക്രമണം.

വാര്‍ത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഒരു കൂട്ടര്‍ സ്ഥാപനത്തിനെതിരെ തിരിഞ്ഞതായി കടയുടമ വിപിന്‍ പറയുന്നു. കഫെ പൂട്ടണമെന്ന് കഴിഞ്ഞ ഒരാഴ്ചയായി പലരും ആവശ്യപ്പെട്ടു. ചിലർ പോലീസിലും പരാതി നൽകി. നടപടിയെടുക്കാൻ വകുപ്പില്ലെന്ന് പോലീസ് നിലപാട് എടുത്തതോടെ ചിലർ പള്ളിച്ചല്‍ പഞ്ചായത്തിനെ സമീപിച്ചു. കെട്ടിട നമ്പറിൻ്റെ കാര്യത്തിൽ ക്രമക്കേട് കണ്ടെത്തിയതോടെ പഞ്ചായത്ത് നോട്ടീസ് നല്‍കി. കഫെയുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവാസിയായിരുന്ന വിപിന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം തുടങ്ങിയ പുതിയ സംരംഭമായിരുന്നു കപ്പിൾസ് കഫെ.

Logo
X
Top