സിപിഎം നീക്കം പാളി; ബിജെപി പന്തളം നഗരസഭയിൽ ഭരണം നിലനിർത്തി; അച്ചൻകുഞ്ഞ് ജോണ്‍ ചെയർമാൻ

ദിവസങ്ങൾ നീണ്ട നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ പന്തളം നഗരസഭയുടെ ഭരണം ബിജെപി നിലനിർത്തി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് തൊട്ടുമുമ്പ് മുൻ ചെയർപേഴ്സണും, വൈസ് ചെയർപേഴ്സണും രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. കുരമ്പാല വെസ്റ്റ് ഡിവിഷനിലെ ബിജെപി കൗൺസിലർ അച്ചൻകുഞ്ഞ് ജോണാണ് ചെയർമാൻ.

33 അംഗ പന്തളം നഗരസഭയിൽ ബിജെപിക്ക് 18 അംഗങ്ങൾ ആണുള്ളത്. എൽഡിഎഫിന് 8, യുഡിഎഫിന് 5, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു അംഗബലം. മൂന്ന് ബിജെപി അംഗങ്ങൾ പാർട്ടി നേതൃത്വവുമായി ഇടഞ്ഞതോടെയാണ്, വിമതരുടെ പിന്തുണയോടെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇതോടെ ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച നഗരസഭ അധ്യക്ഷയായിരുന്ന സുശീല സന്തോഷും ഉപാധ്യക്ഷയായിരുന്ന യു രമ്യയും രാജിവക്കുകയായിരുന്നു.

പാർട്ടിയുമായി അകന്ന് നിന്ന മൂന്ന് കൗൺസിലർമാരെയും അനുനയിപ്പിച്ചാണ് ബിജെപി ഭരണം നിലനിർത്തിയത്. മൂന്ന് പേരും അച്ചൻകുഞ്ഞിന് അനുകൂലമായി വോട്ടു ചെയ്തു. ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

നഗരസഭയുടെ രാഷ്ട്രീയകാര്യ ചുമതലയുള്ള പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാർ കഴിഞ്ഞ രണ്ട് ദിവസമായി പന്തളത്ത് ക്യാമ്പ് ചെയ്താണ് ഉടക്കിനിന്ന കൗൺസിലർമാരെ അനുനയിപ്പിച്ചത്. പാലക്കാട് നഗരസഭയ്ക്ക് പുറമേ സംസ്ഥാനത്ത്‌ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top