നവവധുവിനെ ക്രൂരമായി മര്‍ദിച്ച പ്രതി രാഹുലിന്റെ അമ്മക്കും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം; ശനിയാഴ്ചക്ക് മുന്‍പ് പോലീസിന് മുന്നിൽ ഹാജരാകണം; മുഖ്യപ്രതി വിദേശത്ത് തന്നെ

തിരുവനന്തപുരം: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ രണ്ടും മൂന്നും പ്രതികളാണ് രാഹുലിന്‍റെ അമ്മ ഉഷാ കുമാരിയും സഹോദരി കാർത്തികയും.

ചോദ്യം ചെയ്യലിന് ഇവര്‍ ഹാജരായിരുന്നില്ല. ആശുപത്രിയില്‍ ചികിത്സയിലാണ് എന്ന കാരണം പറഞ്ഞാണ് ചോദ്യം ചെയ്യല്‍ വൈകിപ്പിച്ചത്. അതിനിടയിലാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു.

ജൂണ്‍ ഒന്നിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നാണ് കോടതി നിര്‍ദേശിച്ചത്. അറസ്റ്റ് ഉണ്ടായാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണം എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. പ്രതി രാഹുല്‍ ഇപ്പോഴും വിദേശത്ത് തുടരുകയാണ്. രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത്‍ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഈ മാസം 31 ലേക്ക് മാറ്റിയിരുന്നു. പൊലീസ് റിപ്പോർട്ടിനായാണ് ഹർജി മാറ്റിയത്. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

ഈ മാസം അഞ്ചിന് ഗുരുവായൂരില്‍ വച്ചായിരുന്നു രാഹുലിന്റെയും പെണ്‍കുട്ടിയുടെയും വിവാഹം. മേയ് 12ന് ചടങ്ങുമായി ബന്ധപ്പെട്ട് ​ യുവതിയുടെ വീട്ടുകാര്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ക്രൂര മർദനത്തിന് ഇരയായത് ബന്ധുക്കൾ അറിഞ്ഞത്. നെറ്റിയിലും തലയിലും മുഷ്‌ടി ചുരുട്ടി ഇടിച്ചെന്നും മൊബൈൽ ചാർജറിന്‍റെ വയർ കഴുത്തിൽ ചുറ്റി വലിച്ചെന്നും പരാതിയിൽ പറയുന്നു. സ്ത്രീധന പീഡനക്കേസ് വിവാദമായതോടെ പോലീസ് ഉണര്‍ന്നു. പക്ഷെ അതിനിടയില്‍ തന്നെ പ്രതി രാഹുല്‍ വിദേശത്തേക്ക് കടന്നിരുന്നു. രാഹുലിനെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top