എല്ലാം ഒത്തുതീര്‍പ്പായി; ഭാര്യയോടൊപ്പം ഒരുമിച്ച് ജീവിക്കണമെന്ന് പ്രതി; പന്തീരാങ്കാവ് കേസില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ എല്ലാം ഒത്തുതീര്‍പ്പായെന്ന് പ്രതി രാഹുല്‍ പി ഗോപാലന്‍. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പ്രതി ഇക്കാര്യം അറിയിച്ചത്. തെറ്റിധാരണകളാണ് ഭാര്യയുമായി ഉണ്ടായിരുന്നതെന്നും ഇത് പരിഹരിച്ചതായും പ്രതി കോടതിയെ അറിയിച്ചു.

പന്തീരാങ്കാവ് പോലീസില്‍ നല്‍കിയ പരാതിയും മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയും തെറ്റാണെന്ന് യുവതി വെളിപ്പെടുത്തിയരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സ്ത്രീധന പീഡനം അടക്കം ആരോപിച്ചതെന്നും യുട്യൂബ് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ യുവതി സ്ത്യവാങ്മൂലവും നല്‍കിയിരുന്നു. പിന്നാലെയാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നിലപാടറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് റദ്ദാക്കുന്നതിലാണ് അഭിപ്രായം അറിയിക്കേണ്ടത്. പന്തീരാങ്കാവ് പോലീസിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനമുണ്ടായെന്ന് ആരോപിച്ചാണ് എറണാകുളം സ്വദേശിനിയായ യുവതി പന്തീരാങ്കാവ് പോലീസിന് പരാതി നല്‍കിയത്. കഴുത്തില്‍ ചാര്‍ജര്‍ വയര്‍ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും മുഖത്തും ശരീരത്തിലും മര്‍ദിച്ചുവെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് പീഡിപ്പിച്ചതെന്നും ആരോപിച്ചിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നിലും മജിസ്‌ട്രേറ്റിന് മുന്നിലും യുവതി ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ ഭര്‍ത്താവായ രാഹുല്‍ ജര്‍മ്മനിയിലേക്ക് കടന്നു. പോലീസ് കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഈ കേസിലാണ് ദിവസങ്ങള്‍ക്കുള്ളില്‍ യുവതി മൊഴിമാറ്റിയത്. വീട് വിട്ടുപോവുകയും ചെയ്തു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മടങ്ങുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top