ചെറിയാന്‍ ഫിലിപ്പിനെ രാഷ്ട്രീയകാര്യ സമിതിയില്‍ എടുത്തതാര്; പന്തളം അടക്കം പ്രമുഖരെ തഴഞ്ഞു; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: പുതുതായി പുന:സംഘടിപ്പിച്ച കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ചെറിയാന്‍ ഫിലിപ്പിനെ ഉള്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. 36 അംഗ രാഷ്ട്രീയകാര്യ സമിതിയില്‍ പുതുതായി 19 പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പന്തളം സുധാകരന് സ്ഥാനം ലഭിക്കാതെ പോയത് ചര്‍ച്ചയായിരിക്കുകയാണ്. ഇരുപത് വര്‍ഷക്കാലം പാര്‍ട്ടിക്ക് പുറത്തായിരുന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്ന് രണ്ട് വര്‍ഷമാകും മുന്‍പ് തന്നെ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തിയതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. ചെറിയാന്‍ ഫിലിപ്പിന്റെ സമകാലികനായ പന്തളത്തെ തഴഞ്ഞതിന്റെ കാരണം പോലും വ്യക്തമാക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല.

2022ല്‍ കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരത്തിന്റെ തീരുമാനപ്രകാരം ഒരു വ്യക്തിക്ക് ഒരു പദവിയെന്ന തീരുമാനം തന്നെ പാടെ അട്ടിമറിച്ചിരിക്കുകയാണ്. മൂന്നും നാലും പദവികള്‍ കയ്യാളുന്ന നിരവധിനേതാക്കള്‍ രാഷ്ട്രീയകാര്യ സമിതിയിലുണ്ട്. കൊടിക്കുന്നില്‍ സുരേഷ്, എംപി കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റ്, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ ക്ഷണിതാവ്, രാഷ്ട്രീയകാര്യ സമിതി അംഗം എന്നിങ്ങനെ നാല് പദവികളാണ് വഹിക്കുന്നത്. ഇതേ പോലെ തന്നെ രണ്ടും മൂന്നും പദവികളും കയ്യാളുന്നവരുണ്ട്‌.

പാര്‍ട്ടിയില്‍ ഒട്ടും സജീവമല്ലാത്ത പലരും രാഷ്ട്രീയകാര്യ സമിതിയില്‍ കടന്നുകൂടിയിട്ടുണ്ട്. ഗ്രൂപ്പ് മേല്‍വിലാസത്തിലാണ് ഇവരൊക്കെ തന്നെ അംഗമായിരിക്കുന്നത്. 2016ല്‍ സമിതി രൂപീകരിക്കുമ്പോള്‍ 21 പേരായിരുന്നു അംഗങ്ങള്‍. ഇടക്കാലത്ത് സമിതിയുടെ എണ്ണം പല ഘട്ടങ്ങളിലായി 27 വരെ എത്തിയിരുന്നു. ഇപ്പോഴത് 36 വരെയായി.

2001ല്‍ കോണ്‍ഗ്രസില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടത്. സിപിഎം അനുഭാവിയായി രണ്ട് വട്ടം നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. സുരക്ഷിത മണ്ഡലങ്ങളൊന്നും തന്നെ ചെറിയാന് നല്‍കാന്‍ സിപിഎം തയ്യാറായതുമില്ല. കെടിഡിസി ചെയര്‍മാന്‍ സ്ഥാനവും നവകേരള കര്‍മ്മ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനവും സിപിഎം നല്‍കിയിരുന്നു. കോണ്‍ഗ്രസില്‍ മടങ്ങിയെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഉന്നത പദവി ലഭിക്കുന്നത്.

കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ ചെറിയാനെ കെപിസിസിയുടെ രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടറാക്കി നിയമിച്ചിരുന്നു. സമകാലികമായ രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ, രാഷ്ട്രീയ, വികസന കാഴ്ചപ്പാടുകളില്‍ പാര്‍ട്ടിയുടെ നയരൂപീകരണത്തിന് ഉതകുന്ന പഠനങ്ങള്‍ തയ്യാറാക്കേണ്ട ചുമതലയാണ് ചെറിയാന് നല്‍കിയിരുന്നത്. ഇപ്പോള്‍ വീണ്ടും ഒരു പ്രൊമോഷന്‍ കൂടി അദ്ദേഹത്തിനു ലഭിച്ചതാണ് മുറുമുറുപ്പിന് ഇടയാക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top