പപ്പായ തണ്ടുമായി ചെറുപ്പക്കാർ!! എംഎൽഎയുടെ മകൻ്റെ കേസിലെ എക്സൈസ് റിപ്പോർട്ട് പുറത്ത്; ആരോഗ്യമന്ത്രി അന്ന് പറഞ്ഞതും ‘ലഹരി ഇൻഹലേഷനെ’ക്കുറിച്ച്
തിരുവനവന്തപുരം നെയ്യാറ്റിൻകരയിൽ കുളത്തിൽ ഒന്നിച്ച കുളിച്ച യുവാക്കൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചപ്പോൾ അപൂർവമായൊരു തുറന്നുപറച്ചിൽ ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയിരുന്നു. കുളത്തിൽ നിന്ന് ശേഖരിച്ച വെള്ളത്തിൽ ലഹരി കലർത്തി വലിച്ചവർക്കാണ് രോഗബാധ ഉണ്ടായതെന്നും ഇതിന് തെളിവുണ്ടെന്നും പറഞ്ഞ മന്ത്രി പക്ഷെ വിവാദമായതോടെ കൂടുതൽ വിശദീകരിച്ചില്ല. പപ്പായത്തണ്ട് കൊണ്ട് ലഹരി വലിക്കുന്ന രീതി ഈ പ്രദേശത്ത് ഉണ്ടായിരുന്നതായും ഒന്നിലേറെപ്പേർക്ക് രോഗം ബാധിച്ചത് ഈ വഴിക്കാണെന്നും പിന്നീട് ആരോഗ്യവകുപ്പ് ഉന്നതരും മാധ്യമ സിൻഡിക്കറ്റിനോട് സ്ഥിരീകരിച്ചിരുന്നു.
ഏതാണ്ട് ഇതേ മട്ടിലുള്ള ലഹരി ഉപയോഗമാണ് യു.പ്രതിഭ എംഎൽഎയുടെ മകനും സംഘവും ഉൾപ്പെട്ട കേസിലും ഉണ്ടായിരിക്കുന്നത് എന്നാണ് എക്സൈസ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. കഞ്ചാവ് കലർന്ന പുകയില മിശ്രിതം 500 മില്ലിഗ്രാം പിടികൂടിയതിനൊപ്പം മറ്റ് രണ്ട് വസ്തുക്കൾ കൂടി എക്സൈസ് കസ്റ്റഡിയിലെടുത്ത വസ്തുക്കളുടെ പട്ടികയിൽ പറയുന്നു. “പള്ള ഭാഗത്ത് ദ്വാരമുള്ള 200 mlൻ്റെ പ്ലാസ്റ്റിക് കുപ്പിയും പച്ച പപ്പായ തണ്ട് 4 ഇഞ്ച് നീളത്തിൽ 1 Nos” -ഇങ്ങനെയാണ് കുട്ടനാട് സിഐയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഒക്കറൻസ് റിപ്പോർട്ടിൽ (Occurance report) പറയുന്നത്.
കഞ്ചാവ് പുകച്ച് വലിക്കാനാണ് പപ്പായ തണ്ട് കൈവശം വച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമാകും. പപ്പായ തണ്ട് കടത്താൻ പാകത്തിൽ ദ്വാരമിട്ട പ്ലാസ്റ്റിക് കുപ്പിയിൽ ഇട്ട് കഞ്ചാവ് പുകയ്ക്കുകയാണ് ചെയ്യുന്നത്. സംഘത്തിലെ ആളെണ്ണം അനുസരിച്ച് കുപ്പിക്ക് ദ്വാരമിടാം. അങ്ങനെയാകുമ്പോൾ മൂന്നോ നാലോ പേർക്ക് ഒരേസമയം പുക വലിക്കാം എന്നതാണ് സൌകര്യം. ഉള്ളു പൊള്ളയായ പപ്പായ തണ്ടാണ് ഇതിന് ബെസ്റ്റ്. ഇക്കാരണം കൊണ്ട് തന്നെ പപ്പായക്ക് ഇത്തരം ചെറുപ്പക്കാരുടെ ഇടയിൽ വൻ ഡിമാൻ്റാണെന്ന് എക്സൈസ് ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here