കരുനാഗപ്പള്ളിക്ക് പിന്നാലെ അടുത്ത തലവേദന; കൊഴിഞ്ഞാമ്പാറയില്‍ സിപിഎം വിമതരുടെ സമാന്തര ഓഫീസ്

കരുനാഗപ്പള്ളിക്ക് പിന്നാലെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി പാലക്കാട് ജില്ലയിലെ വിമതപക്ഷം. പാർട്ടിയിലെ വിഭാഗിയതയെ തുടർന്ന് കൊഴിഞ്ഞാമ്പാറയിൽ സമാന്തര പാർട്ടി ഓഫീസ് തുടങ്ങിയാണ് വിമതർ നേതൃത്വത്തെ വെല്ലുവിളിച്ചിരിക്കുന്നത്. സിപിഎം വിടില്ലെന്നും സമാന്തരമായി സംഘടനാ പ്രവർത്തനം നടത്തുമെന്നാണ് അവകാശവാദം. പൊള്ളാച്ചി റോഡിൽ ഇഎംഎസ് സ്മാരകം എന്ന പേരിൽ തുറന്ന ഓഫീസ് കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എസ് മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യത്തിന് ജനസേവന കേന്ദ്രമായി പ്രവർത്തിക്കുമെന്നാണ് അവകാശവാദം. കമ്മ്യൂണിസ്റ്റുകാർക്ക് മുഴുവൻ ഒത്തുചേരാൻ കഴിയുന്ന സ്ഥലമായി ജനസേവന കേന്ദ്രം മാറുമെന്നും വിമതർ പറയുന്നു.

Also Read: പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ള ഏരിയാ കമ്മറ്റിയംഗം ബിജെപിയില്‍; ഞെട്ടി സിപിഎം; വലിയ ഒഴുക്ക് ഉണ്ടാകുമോയെന്ന് ആശങ്ക

ഔദ്യോഗിക പക്ഷവുമായി ഉടക്കി നിൽക്കുന്ന നേതാക്കൾ കഴിഞ്ഞ മാസം വിമത കൺവെൻഷൻ നടത്തിയിരുന്നു. ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ കടുത്ത ആരോപണങ്ങളാണ് ഇവർ ഉയർത്തിയത്. മുൻ കോൺഗ്രസ് നേതാവ്‌ അരുൺ പ്രസാദിനെ ലോക്കൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു സമാന്തര കൺവൻഷൻ. സുരേഷ് ബാബുവിന് ധാർഷ്ട്യമാണെന്നും ഇത് അംഗീകരിക്കില്ലെന്നുമാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് എം സതീഷിൻ്റെ നേതൃത്വത്തിലുള്ള വിമതര്‍ നിലപാട് വ്യക്തമാക്കിയിരുന്നത്. ജില്ലാസെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും ധാർഷ്ട്യം അംഗീകരിക്കില്ലെന്നുമാണ് സമാന്തര കൺവൻഷൻ കൂടിയവർ വ്യക്തമാക്കിയിരുന്നത്. പ്രാദേശിക നേതാക്കൾ ഉൾപ്പടെ നൂറോളം പേർ വിമത കൺവെൻഷനിൽ പങ്കെടുത്തിരുന്നു.

Also Read: പാര്‍ട്ടിയെ വിമര്‍ശിക്കുമെന്ന് ഭയം; ജി സുധാകരനെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി സിപിഎം; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ ക്ഷണമില്ല

അതേസമയം കരുനാഗപ്പള്ളിയിൽ വിഭാഗിയതയെ തുടർന്ന് ഏരിയാ കമ്മറ്റിയെ കൊല്ലം ജില്ലാ കമ്മറ്റി പിരിച്ചുവിട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം തെരുവിലെത്തിയതിനെതുടർന്നാണ് നടപടി.

Also Read: നേതൃത്വം വടിയെടുത്താൽ തീരുമോ കരുനാഗപ്പള്ളിയിലെ തർക്കം… സേവ് സിപിഎം പ്രതിഷേധത്തിന് പിന്നാലെ ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു

സേവ് സിപിഎം പ്ലക്കാര്‍ഡുകളുമായി ഏരിയാ കമ്മറ്റി ഓഫീസിലേക്ക് പ്രകടനമായി എത്തിയായിരുന്നു ഒരു വിഭാഗം പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രതിഷേധിച്ചത്. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി വ്യാപക വിമർശനമായിരുന്നു വിമതർ ഉയർത്തിയത്. ജില്ലാ കമ്മറ്റി അംഗം പിആർ വസന്തനെതിരെയും നിരവധി ആരോപണങ്ങാളാണ് പ്രതിഷേധക്കാർ ഉന്നയിക്കുനത്. കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും തര്‍ക്കത്തെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top