വാളയാർ കുട്ടികളുടെ അമ്മയെ പത്തുകേസിൽ പ്രതിയാക്കി സിബിഐ; കോടതി നിലപാട് നിർണായകം, ഉടനറിയാം തീരുമാനം

തുടരെത്തുടരെയുണ്ടായ പീഡനത്തെ തുടർന്ന് വാളയാറിൽ ജീവനൊടുക്കിയ ഇരട്ട സഹോദരിമാരുടെ അമ്മയും രണ്ടാനച്ഛനും പ്രതിയാകുന്നത് പത്തുകേസുകളിൽ. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റപത്രം നൽകിയ 10 കേസുകളിലും ഇരുവരെയും പ്രതിചേർത്തിട്ടുണ്ട്. ഐപിസി വകുപ്പുകൾക്കു പുറമെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് പോസ്കോ വകുപ്പുകളും, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
സിബിഐ റിപ്പോർട്ടുകൾ ബുധനാഴ്ച കോടതി ആദ്യമായി പരിഗണിക്കുകയാണ്. അതുകൊണ്ട് കോടതി ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. നേരത്തെ നൽകിയ കുറ്റപത്രത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ച് തിരിച്ചയച്ചതോടെ വീണ്ടും സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മാതാപിതാക്കൾ പ്രതിപ്പട്ടികയിലേക്ക് വരുന്നത്. പോലീസിൻ്റെ അന്വേഷണത്തിൽ തൃപ്തിപോരാതെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത് പ്രകാരമാണ് സിബിഐ ചിത്രത്തിലേക്ക് വരുന്നതും ഒടുവിൽ പരാതിക്കാർ തന്നെ പ്രതിസ്ഥാനത്ത് വരുന്നതും.
കുഞ്ഞുങ്ങളെ പ്രതികൾ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ ക്കുറിച്ച് അമ്മയ്ക്കും രണ്ടാനച്ഛനും അറിവുണ്ടായിരുന്നു എന്നാണ് ഒടുവിൽ സിബിഐ കണ്ടെത്തിയത്. ഇവരുടെ സാന്നിധ്യത്തിലും പീഡനം നടന്നിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വിവരവും സിബിഐയുടെ കുറ്റപത്രത്തിലുണ്ട്. രണ്ടാഴ്ച മുൻപു സമർപ്പിച്ച കുറ്റപത്രത്തിലെ വിശദാംശങ്ങൾ ‘ദ ഹിന്ദു’ ദിനപത്രമാണ് പുറത്തു കൊണ്ടുവന്നത്.
2017 ജനുവരി 7ന് 13 വയസ്സുകാരിയെയും, മാർച്ച് 4നു ഇളയ സഹോദരിയെയും ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിക്കു കുട്ടികളെ പീഡിപ്പിക്കാനുള്ള അവസരം ആവർത്തിച്ച് ഒരുക്കിയെന്നും, മാതാപിതാക്കളുടെ മുന്നിൽ വച്ചും ഇതുണ്ടായെന്നും സിബിഐ കുറ്റപത്രം പറയുന്നുണ്ട്. 13 വയസ്സുകാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു പിന്നീടു മരിച്ച ഇളയ സഹോദരി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here