മുദ്ഗൽ മുതൽ മഹുവ വരെ; പാർലമെൻറിൽ നിന്ന് ഇതുവരെ പുറത്തായത് 16 അംഗങ്ങൾ

ഡൽഹി: ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നായി മഹുവ മൊയ്ത്രയടക്കം ഇതുവരെ 16 പേരെ പുറത്താക്കിയിട്ടുണ്ട്. പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരംഗത്തെ പുറത്താക്കുന്നത് 1951ലാണ്. കോൺസ്റ്റിറ്റുവെന്റെ അസംബ്ലിയിലെ കോൺഗ്രസ് അംഗമായിരുന്ന എച്ച്.ജി.മുദ്ഗൽ, ചോദ്യം ചോദിക്കുന്നതിന് മുംബൈയിലെ സ്വർണ വ്യാപാരികളുടെ അസോസിയേഷനിൽ നിന്ന് 1000 രൂപ രണ്ടുവട്ടം വാങ്ങിയതിനെതിരെ പരാതി ഉയർന്നിരുന്നു. പാർലമെന്റ് അംഗത്തിന്റെ പെരുമാറ്റദൂഷ്യം ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുദ്ഗലിനെ പുറത്താക്കാൻ 1951 സെപ്റ്റംബർ 24ന് പ്രമേയം അവതരിപ്പിച്ചു. ചർച്ച നടക്കുന്നതിനിടയിൽ മുദ്ഗൽ സഭയിൽ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.

പിന്നീടുണ്ടായ ശ്രദ്ധേയമായ പുറത്താക്കൽ സുബ്രമണ്യ സ്വാമിയുടേതായിരുന്നു. ജനസംഘത്തിന്റെ രാജ്യസഭാ അംഗമായിരുന്ന അദ്ദേഹത്തെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ 1976ൽ സഭയിൽ നിന്ന് പുറത്താക്കി. 1978 ഡിസംബർ 19ന് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. 1977ൽ അധികാരത്തിൽ വന്ന ജനതാ സർക്കാരാണ് ഇന്ദിരയെ പുറത്താക്കിയത്. പ്രിവിലെജ് കമ്മിറ്റിയിൽ ഗുരുതരമായ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കിയത്. ഇന്ദിരയെ പുറത്താക്കുമ്പോൾ അവർ കർണാടകയിലെ ചിക്കമംഗലൂരിൽ നിന്നുള്ള അംഗമായിരുന്നു.

ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ പുറത്താക്കിയത് 2006ലാണ്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങുന്നത് ഒളിക്യാമറയിൽ പതിഞ്ഞതിനെ തുടർന്നാണ് 11 അംഗങ്ങളെ പുറത്താക്കിയത്. ബിജെപി അംഗങ്ങളായ അണ്ണാ സാഹേബ് എം കെ പാട്ടീൽ, വൈ.ജി.മഹാജൻ , സുരേഷ് ചന്ദേൽ, പ്രദീപ് ഗാന്ധി, ചന്ദ്രപ്രതാപ് സിംഗ്, ബി എസ് പി അംഗങ്ങളായ നരേന്ദ്രകുമാർ കുശവാഹ, ലാൽചന്ദ്ര കോൽ, രാജാറാം പാൽ, ആർ ജെ ഡി അംഗമായ മനോജ് കുമാർ, കോൺഗ്രസ് അംഗമായ റാംസേവക്ക് സിംഗ് എന്നിവരെ കൂടാതെ വിജയ് ഫോഗട്ട് എന്ന എംപിയും ആരോപണ വിധേയനായിരുന്നു. പുറത്താക്കൽ നടപടി പൂർത്തിയാക്കുന്നതിന് മുൻപ് ഇദ്ദേഹം മരിച്ചതിനെത്തുടർന്ന് പുറത്താക്കലിൽ നിന്ന് ഒഴിവായി. 2005 ഡിസംബർ 12ന് ഒരു സ്വകാര്യ ചാനലിലാണ് എംപിമാർ പണം വാങ്ങുന്ന ദൃശ്യം പുറത്തുവന്നത്. ലോക്സഭയിൽ നിന്നുള്ള ഈ 11 അംഗങ്ങൾക്ക് പുറമെ രാജ്യസഭയിലെ ബിജെപിയുടെ അംഗമായ ഛത്രപാൽ സിംഗ് ലോധയും ഒളിക്യാമറ ദൃശ്യങ്ങളിൽ കുടുങ്ങിയിരുന്നു. ഇദ്ദേഹത്തെയും പുറത്താക്കി.

2016 മെയ് മൂന്നിന് രാജ്യസഭയിൽ നിന്ന് സ്വതന്ത്ര അംഗവും വ്യവസായിയുമായ വിജയ് മല്ല്യയെ പുറത്താക്കി. ബാങ്കുകളെ കബിളിപ്പിച്ച് 9400 കോടി തട്ടിയെടുത്തത് സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ പാർലമെൻററി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പുറത്താക്കിയത്. ഇപ്പോൾ ഏറ്റവും ഒടുവിൽ തൃണമൂൽ അംഗമായ മഹുവ മൊയ്ത്രയെയും പുറത്താക്കി. അദാനി ഗ്രൂപ്പിനെക്കുറിച്ച് ചോദ്യം ഉന്നയിക്കാൻ വ്യവസായിയായ ദർശൻ ഹീരാനന്ദാനിയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ലോക്സഭയിൽ നിന്ന് പുറത്താക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top